മുംബൈ: യുവതിയോട് മറാഠിയിൽ സംസാരിക്കണമെന്ന് വാശി പിടിച്ച് തർക്കിക്കുന്ന സംഭവത്തിൻ്റെ വീഡിയോ വൈറലാകുന്നു.യുവതിയോട് മഹാരാഷ്ട്രയില്‍ താമസിക്കുന്ന നിങ്ങള്‍ മറാഠി സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഡെലിവറി ജീവനക്കാരനോട് മറാഠി സംസാരിച്ചില്ലെങ്കില്‍ പണം തരില്ലെന്ന ഡിമാൻഡ് വച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ വീഡിയോ.
മറാഠിയില്‍ സംസാരിക്കണമെന്ന് നിർബന്ധിക്കുന്ന പുരുഷനോട്, തനിക്ക് ഭാഷ അറിയില്ലെന്നും സംസാരിക്കാൻ നിർബന്ധിക്കരുതെന്നു യുവതി പറയുന്നു. “എനിക്ക് മറാഠി അറിയില്ല. ഞാൻ സംസാരിക്കില്ല. എനിക്കത് അറിയില്ലെങ്കില്‍ ഞാൻ എങ്ങനെ സംസാരിക്കും?” എന്നായിരുന്നു അവര്‍ ചോദിച്ചത്. ഭാഷ അറിയാതെ എങ്ങനെ മഹാരാഷ്ട്രയില്‍ താമസിക്കുന്നു എന്നായി പുരുഷന്റെ ചോദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഞാൻ എന്റെ ഇഷ്ടത്തിന് താമസിക്കുന്നു. ഇത് എന്റെ സ്വന്തം വീടാണ്” എന്ന് യുവതി പറഞ്ഞു. ഗ്രാമം എവിടെയാണെന്നായി അടുത്ത ചോദ്യം. “എന്റെ നാട് എവിടെയാണെങ്കിലും ആയിക്കോട്ടെയെന്ന് അവള്‍ മറുപടി നല്‍കി. വീണ്ടും മറാഠിയില്‍ സംസാരിക്കാൻ നിര്‍ബന്ധിച്ചപ്പോള്‍, ‘ഞാൻ സംസാരിക്കില്ല, താങ്കള്‍ എന്ത് ചെയ്യും, ഞാൻ ഏത് ഭാഷയില്‍ സംസാരിക്കണം എന്നത് എന്റെ ഇഷ്ടമാണ്, എന്റെ നാവ് എന്റെ ഇഷ്ടം.” എന്ന് യുവതി മറുപടി നല്‍കുന്നു.
മൂന്ന് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. സ്ത്രീയുടെ ധൈര്യത്തെ നിരവധി പേര്‍ പ്രശംസിച്ചു. ഭാഷയുടെ പേരിലുള്ള ഈ ഉപദ്രവത്തെ ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ അപലപിക്കുന്നത്. അതേസമയം, ഭാഷ പ്രധാനമാണ്, പക്ഷേ ഇങ്ങനെ ഉപദ്രവിക്കാൻ പാടില്ല എന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. ഭാഷാപരമായ അസഹിഷ്ണുതയിലൂടെ നമ്മള്‍ മുന്നോട്ട് പോയാല്‍, നമ്മുടെ രാജ്യത്തിനകത്ത് തന്നെ അദൃശ്യമായ അതിർത്തികള്‍ സൃഷ്ടിക്കാൻ ഇത് കാരണമാകുമെന്ന് പറയുന്നു മറ്റൊരാള്‍. മതപരവും ജാതീയവും രാഷ്ട്രീയപരവുമായ ഭിന്നതകളാല്‍ ബുദ്ധിമുട്ടുന്ന ഒരു രാജ്യത്ത് നമുക്ക് കൂടുതല്‍ വിഭജനം ആവശ്യമുണ്ടോ? വാക്കുകള്‍ നമ്മെ ഒന്നിപ്പിക്കണം, ഭിന്നിപ്പിക്കരുത് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.