കോട്ടയം :കേരളത്തിലെ ഭിന്നശേഷി സമൂഹം അവഗണയുടെ കാലം പിന്നിട്ടുവെന്നും വരാൻപോകുന്നത് വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരായ ദിവ്യംഗരുടെ കാലഘട്ടമായിരിക്കുമെന്നും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പി ടി ബാബുരാജ് അഭിപ്രായപ്പെട്ടു . കോട്ടയത്ത് ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു സക്ഷമ സംഘടിപ്പിച്ച ‘മിഴിനുറ് ‘ എന്ന പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കോട്ടയം സക്ഷമയുടെ പ്രേരണയിൽ നടന്ന നേത്രദാനങ്ങളിലൂടെ നൂറു പേർക്ക് കാഴ്ച ലഭിച്ചതിന്റെ പ്രഖ്യാപനമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത് .
സക്ഷമ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ ബാലചന്ദ്രൻ മന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേത്രദാനം നടത്തിയ കുടുംബങ്ങളെ ആദരിക്കുകയും നേത്രദാനം പ്രോഹത്സാഹിപ്പിക്കുന്നതിനായി മായാത്ത മാരിവില്ല് എന്ന ഹൃസ്വചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു . ചടങ്ങിൽ സേവാശക്തി ഫൌണ്ടേഷൻ കോട്ടയം സക്ഷമയ്ക്കു നൽകുന്ന സഞ്ചരിക്കുന്ന ദിവ്യംഗ സേവാകേന്ദ്രം കൈമാറുകയും, ഉപകരണ വിതരണം ,ഭിന്നശേഷി കുടുംബങ്ങൾക്കുള്ള പ്രതിമാസ പെൻഷൻ വിതരണം എന്നിവയും നടന്നു.കോട്ടയം ഗവൺമെന്റ് സ്ക്കൂൾ ഫോർ ദി വീഷ്വലി ചേലഞ്ച്ഡ്, പ്രിൻസിപ്പൽ പ്രിൻസിപ്പൽ കുര്യൻ ഇ ജെ , സക്ഷമ സംസ്ഥാന സെക്രട്ടറി ഓ ആർ ഹരിദാസ് ,മുനിസിപ്പൽ കൗൺസിലർ കെ ശങ്കരൻ ,ചൈതന്യ കണ്ണാശുപത്രി മാനേജർ റോബിൻ സി കെ , സക്ഷമ ജില്ലാ അധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ ,ജില്ലാ സെക്രട്ടറി എൻ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.