വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വൈക്കം ടൗൺ നോർത്ത്,സൗത്ത് യൂണിറ്റ്, സാംസ്കാരിക വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കലാമേളയും നടത്തി. വൈക്കം കിഴക്കേ നട സമൂഹം ഹാളിൽ നടന്ന കുടുംബ സംഗമം കെ എസ് എസ്പിയു ജില്ലാ പ്രസിഡൻ്റ് ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നു വിരമിച്ചവരുടെ കഴിവും അനുഭവ സമ്പത്തും സമൂഹത്തിൻ്റെ പുരോഗതിയ്ക്കായി വിനിയോഗിക്കാൻ കഴിയണമെന്നും കൂട്ടായ്മകളിൽ വ്യാപൃതരായി ഒരോരുത്തരും കൂടുതൽ ഊർജസ്വലരാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജോസ് തോമസ് അഭിപ്രായപ്പെട്ടു. പി.ബി. മോഹനൻ അധ്യക്ഷത വഹിച്ചു. കലാമേള ചലച്ചിത്ര ഗായകൻ ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ചലച്ചിതഗാനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ ദേവാനന്ദിനെ കെ.സി. കുമാരനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ റിട്ട. ഫയർ സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിനെ എ.വി. പുരുഷോത്തമനും ആദരിച്ചു. സാന്ത്വന സഹായ വിതരണം ജി. മോഹൻകുമാറും നിർവഹിച്ചു. തുടർന്ന് അംഗങ്ങൾ ഗാനാലാപനം,തിരുവാതിര തുടങ്ങിയവ അവതരിപ്പിച്ചു. ടൗൺ നോർത്ത്,സൗത്ത് ഭാരവാനികളായ പി. വിജയകുമാർ, പി.ആർ. രാജു, മനോഹരൻ നെടിയാറയിൽ, എസ്. ഗീതാകുമാരി, മനോഹരൻ പൂമംഗലം, എം. സുജാത, എ. ശിവൻകുട്ടി, കെ.സി.ബീനാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.