തിരുവനന്തപുരം: വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എല്ലാം സ്പോൺസർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പല തവണ വിവരാവകാശ നിയമ പ്രകാരം സ്പോൺസർഷിപ്പ് കണക്കുകൾ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ മറുപടി നൽകിയില്ല. ഏറ്റവും ഒടുവിൽ നിയമസഭയിലും ചോദ്യമുയര്‍ന്നെങ്കിലും പബ്ലിക് റിലേഷൻ വകുപ്പ് ചെലവഴിച്ച കണക്കുകൾ മാത്രമാണ് പുറത്ത് വന്നിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്.
ആദ്യ ദിനം ശോഭനയുടെ നൃത്തം, എട്ട് ലക്ഷം രൂപയാണ് ഇതിന് നൽകിയത്. രണ്ടാം ദിനം മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേര്‍ന്ന് സംഘടിപ്പിച്ച സ്പെഷ്യൽ ഷോ, സര്‍ക്കാര്‍ കണക്കിൽ നൽകിയത് 8,30,000 രൂപ. മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകൾ കോര്‍ത്തിണക്കി കാവ്യ 23 എന്ന പേരിൽ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്.
അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേള, സര്‍ക്കാര്‍ നൽകിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരൻമാരുടെ ഫ്യൂഷൻ ഷോക്ക് 3,80,000. സ്റ്റീഫൻ ദേവസിയും മട്ടന്നൂര്‍ ശങ്കരൻകുട്ടിയും ചേര്‍ന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്കാരിക വകുപ്പ് നൽകിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയാണ് അനുവദിച്ചത്.