തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.വയനാട്, കാസർകോട് സർക്കാർ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭ്യമായത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. എൻ.എം.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് നാല് മെഡിക്കല്‍ കോളേജുകള്‍ക്കാണ് അംഗീകാരം നേടാനായത്. എത്രയുംവേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഈ അധ്യായനവർഷംതന്നെ വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് മെഡിക്കല്‍ കോളേജില്‍ 45 കോടി രൂപ ചെലവില്‍ മള്‍ട്ടി പർപ്പസ് ബ്ലോക്ക് യാഥാർഥ്യമാക്കിയതായി മന്ത്രി അറിയിച്ചു. 60 സീറ്റുകളോട് കൂടി നഴ്സിങ് കോളേജ് ആരംഭിച്ചു. മെഡിക്കല്‍ കോളേജിന്റെ ആദ്യവർഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിച്ചതില്‍ നിയമനം നടത്തി. 2.30 കോടി വിനിയോഗിച്ച് മോഡേണ്‍ മോർച്ചറി കോംപ്ലക്സ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. 8.23 കോടി വിനിയോഗിച്ച് കാത്ത് ലാബ് നിർമ്മാണം പൂർത്തിയാക്കി. ആൻജിയോപ്ലാസ്റ്റി പ്രൊസീജിയറുകള്‍ ആരംഭിച്ചു. അധ്യാപക തസ്തികകള്‍ അനുവദിച്ച് കാർഡിയോളജി വിഭാഗം ആരംഭിച്ചു. 18 ലക്ഷം ഉപയോഗിച്ച് പവർ ലോണ്‍ട്രി സ്ഥാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലേബർ റൂം സ്റ്റാൻഡർഡൈസേഷൻ നടപ്പാക്കി. പീഡിയാട്രിക് ഐസിയു സജ്ജീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്കിള്‍ സെല്‍ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജില്ലയില്‍ ആദ്യമായി അരിവാള്‍ കോശ രോഗിയില്‍ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. എംബിഎഫ്‌എച്ച്‌ഐ, മുസ്കാൻ സർട്ടിഫിക്കേഷൻ ലഭ്യമാക്കി ലക്ഷ്യ സ്റ്റാൻഡേഡിലേക്ക് ഉയർത്തി. 70 ലക്ഷം വിനിയോഗിച്ച് സ്കില്‍ ലാബ് സജ്ജമാക്കി. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തി. ഇ-ഹെല്‍ത്ത്, ഇ-ഓഫിസ് സംവിധാനങ്ങള്‍ ആശുപത്രിയില്‍ പ്രാവർത്തികമാക്കി. 20.61 ലക്ഷം രൂപയുടെ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് പൂർത്തിയായി. ദന്തല്‍ വിഭാഗത്തില്‍ മികച്ച അത്യാധുനിക ചികിത്സകള്‍ ആരംഭിച്ചു.
കാസർകോട് മെഡിക്കല്‍ കോളേജിന്റെ നിർമാണപ്രവർത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍നിന്ന് 160 കോടിയുടെ ഭരണാനുമതി നല്‍കി. ആശുപത്രി ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്ക് കെട്ടിടം പൂർത്തിയാക്കി. മെഡിക്കല്‍ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് 8 കോടി രൂപ അനുവദിച്ചു. ന്യൂറോളജി വിഭാഗം ഉള്‍പ്പെടെയുള്ള സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി. ഘട്ടംഘട്ടമായി സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു. 60 സീറ്റുകളോടെ നഴ്സിങ് കോളേജ് ആരംഭിച്ചു.
29 കോടി ചെലവഴിച്ച് നിർമിക്കുന്ന ഹോസ്റ്റലിന്റെ നിർമാണം അന്തിമ ഘട്ടത്തില്‍. 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. ജനറല്‍ മെഡിസിൻ, പീഡിയാട്രിക്സ്, പാത്തോളജി, ന്യൂറോളജി, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി, ഇഎൻടി, റെസ്പിറേറ്ററി മെഡിസിൻ, ഒഎംഎഫ്‌എസ്, സൈക്യാട്രി വിഭാഗങ്ങളുടെ ഒപി ആരംഭിച്ചു. കാസർഗോഡ് ജില്ലയില്‍ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒപി സ്ഥാപിച്ചു. ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങള്‍ ലഭ്യമാക്കി. പ്രിൻസിപ്പല്‍ തസ്തിക സൃഷ്ടിച്ച് പ്രിൻസിപ്പല്‍ പോസ്റ്റ് ചെയ്തു. റേഡിയോളജി സേവനങ്ങള്‍ക്ക് എ.ഇ.ആർ.ബിയില്‍ നിന്ന് അംഗീകാരം ലഭിച്ചതായും മന്ത്രി അറിയിച്ചു.