പൊലീസിന്റെ മാനസിക സമ്മർദം കുറയ്ക്കണമെന്നത് പറച്ചിലിൽ മാത്രം; ട്രാൻസ്ഫർ ലിസ്റ്റിറക്കിയ ഉന്നതൻമാർ എസ്‌ഐമാരുടെ ടെൻഷൻ ഇരട്ടിയാക്കി; തിരുവനന്തപുരത്ത് ട്രാൻസ്ഫറായ ഉദ്യോഗസ്ഥർക്ക് ജോയിൻ ചെയ്യാൻ 24 മണിക്കൂർ തികച്ച് അനുവദിക്കാതെ ഉന്നത ഉദ്യോഗസ്ഥൻ; കാക്കിയിട്ടവരും മനുഷ്യന്മാരാണ് സാറേ…!

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയിൽ ആത്മഹത്യയും ഒളിച്ചോട്ടവും തുടരുമ്പോഴും പൊലീസിന്റെ സമ്മർദം ഇരട്ടിയാക്കാൻ പെടാപാട് പെട്ട് ഉന്നത ഉദ്യോഗസ്ഥർ. പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദവും ആത്മഹത്യയും കുറയ്ക്കാനെന്ന പേരിൽ പഠനവും പരിശീലനവും യോഗവും അടക്കം നടക്കുമ്പോഴാണ് പൊലീസുകാരെ ടെൻഷനിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടാനുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റിയിലെ എസ്‌ഐമാരുടെ ട്രാൻസ്ഫർ ലിസ്റ്റ് പുറത്തിറങ്ങിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ചങ്കിടിപ്പ് ഇരട്ടിയായി വർദ്ധിച്ചത്. തിരുവനന്തപുരം സിറ്റിയിലെ 77 എസ്‌ഐമാരുടെ ട്രാൻസ്ഫർ ലിസ്റ്റ് ഇന്നാണ് പുറത്തിറങ്ങിയത്. ഈ ലിസ്റ്റിൽ പേരുള്ള ഉദ്യോഗസ്ഥർക്ക് തങ്ങൾ ഇപ്പോൾ ജോലി ചെയ്യുന്ന സ്‌റ്റേഷനിൽ നിന്നും ഓർഡറിൽ പറയുന്ന സ്റ്റേഷനിൽ ജോയിൻ ചെയ്യുന്നതിന് 24 മണിക്കൂർ പോലും സമയം അനുവദിച്ചിട്ടില്ല. ഇന്ന് അതായത് ജൂൺ 22 ന് തങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്‌റ്റേഷനിൽ നിന്നും ഡ്യൂട്ടി വിട്ട ശേഷം, നാളെ അതായത് ജൂൺ 23 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്കുള്ളിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

Advertisements

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഈ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ഈ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. അന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം എന്ന പേരിൽ ഇവർക്ക് ജോയിൻ ചെയ്യുന്നതിന് 24 മണിക്കൂർ മാത്രമാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയിട്ടും ഇപ്പോഴും ഈ ഉദ്യോഗസ്ഥരുടെ ദുരിതം തീരുന്നില്ലെന്നാണ് നിലവിലുള്ള ഉത്തരവിൽ നിന്നും വ്യക്തമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലംമാറ്റപ്പെട്ട മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഏഴു ദിവസം വരെ ജോയിനിങ്ങിനായി അനുവദിക്കുന്നുണ്ട്. എന്നാൽ, പൊലീസുകാർക്ക് മാത്രം സർവീസ് ചട്ടങ്ങളോ റൂളുകളോ ബാധകമല്ലാത്ത സ്ഥിതിയാണ്. ഇത് അക്ഷരാർത്ഥത്തിൽ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ടവർക്ക് ആരും സുരക്ഷ ഒരുക്കാത്ത സ്ഥിതിയാണ്. ഏഴു ദിവസം വരെ സാധാരണ ഗതിയിൽ ഒരു സ്‌റ്റേഷനിൽ നിന്നും മാറി മറ്റൊരു സ്‌റ്റേഷനിൽ ജോയിൻ ചെയ്യുന്നതന് അനുവദിക്കുന്നതാണ്. എന്നാൽ, 24 മണിക്കൂർ പോലും തികച്ച് അനുവദിക്കാത്തത് അക്ഷരാർത്ഥത്തിൽ ക്രൂരത തന്നെയാണ്.

മാനസിക സമ്മർദം മൂലം പൊലീസുകാർ ഒളിച്ചോടുകയും, ജീവനൊടുക്കുകയും, ജോലിയിൽ നിന്നു സ്വയം വിരമിക്കുകയും ചെയ്യുന്ന കാലത്താണ് ഉന്നതർ എസി മുറിയിലിരുന്ന് പേപ്പറിൽ ഒപ്പിട്ട് രസിച്ച് സാദാ പൊലീസുകാരെ കൊലയ്ക്ക് കൊടുക്കുന്നത്. പൊലീസുകാരെ കൊലയ്ക്ക് കൊടുക്കുന്ന ഇത്തരം ഉത്തരവുകൾ കാലാനുസൃതമായി മാറ്റാൻ പക്ഷേ ആരും തയ്യാറാകുന്നില്ല.

Hot Topics

Related Articles