സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കടുത്ത അവഗണന; കോട്ടയത്ത് എൽഡിഎഫിൽ കടുത്ത പ്രതിഷേധവുമായി കേരള കോൺഗ്രസ്; സഹകരണവും, സാമ്പത്തിക വിഹിതവും വേണം പക്ഷേ സഹകരണ ബാങ്കിൽ സീറ്റില്ലെന്ന് ആരോപണം; കമ്മിറ്റികളിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനം

കോട്ടയം: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കടുത്ത അവഗണ തുടരുന്നതിന് എതിരെ കേരള കോൺഗ്രസ് എം കടുത്ത പ്രതിഷേധത്തിന്. കോട്ടയം ജില്ലയിൽ അടുത്തിടെ നടന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുകളിൽ എൽഎഫിൽ നിന്ന് കേരള കോൺഗ്രസിന് കടുത്ത അവഗണ നേരിട്ടതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. അടുത്തിടെ നടന്ന പനച്ചിക്കാട്, കുമാരനല്ലൂർ, കുമരകം, തിരുവാർപ്പ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിന് അർഹമായ പരിഗണന നൽകിയില്ലെന്നാണ് ആരോപണം. കാരപ്പുഴ സഹകരണ ബാങ്കിൽ സീറ്റ് വീതം വയ്പ്പിന്റെ കാര്യത്തിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോട്ടയം നിയോജക മണ്ഡലത്തിൽ കടുത്ത വിവേചനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയോജക മണ്ഡലം കമ്മിറ്റിയിൽ നിന്നടക്കം വിട്ടു നിൽക്കാനും കേരള കോൺഗ്രസ് എം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് എം കടുത്ത പ്രതിഷേധവുമായി ചുങ്കത്തു ചേർന്ന യോഗത്തിൽ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു. കേരള കോൺഗ്രസിനെ കുമാരനല്ലൂരിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം നേതൃത്വത്തിൽ കുമാരനല്ലൂരിൽ പ്രതിഷേധ യോഗവും ചേർന്നിരുന്നു. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോജി കുറത്തിയാടൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഈ പ്രതിഷേധ യോഗത്തിൽ കടുത്ത വിമർശനമാണ് എൽഡിഎഫിൽ, പ്രത്യേകിച്ച സിപിഎമ്മിന്റെ നിലപാടിന് എതിരെ കേരള കോൺഗ്രസ് ഉയർത്തുന്നത്.

Advertisements

കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ പാലായിലും കടുത്തുരുത്തിയിലും സിപിഎമ്മിന് അർഹമായ പ്രാതിനിധ്യത്തിലും കൂടുതൽ സീറ്റുകൾ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ നൽകിയിട്ടുണ്ട്. എന്നാൽ, കോട്ടയം നിയോജക മണ്ഡലത്തിൽ എത്തുമ്പോൾ കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും പാർട്ടിയെ തഴയുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു. പനച്ചിക്കാട് പഞ്ചായത്തിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സീറ്റ് പ്രഖ്യാപിക്കും മുൻപ് ചർച്ചകൾ നടത്തി. എന്നാൽ, കേരള കോൺഗ്രസിന്റെ ചർച്ച പൂർത്തിയാകും മുൻപ് തിടുക്കപ്പെട്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പോസ്റ്റർ അടിച്ചിറക്കാനാണ് സിപിഎം തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാരാപ്പുഴ ബാങ്കിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ മുതിർന്ന സിപിഎം നേതാവ് തന്നെയാണ് കേരള കോൺഗ്രസിന്റെ പേര് വെട്ടാൻ മുൻകൈ എടുക്കുന്നത്. ഏറ്റവും ഒടുവിൽ കുമാരനല്ലൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം കത്ത് നൽകിയതിന് പിന്നാലെ ചർച്ച പോലും നടത്താതെ എൽഡിഎഫിന്റെ സീറ്റ് വിഭജനം അതിവേഗം പൂർത്തിയാക്കി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചതെന്ന് ആരോപിക്കുന്നു.

രാഷ്ട്രീയ പരിപാടികൾ പ്രഖ്യാപിക്കുമ്പോൾ ആളെണ്ണംകൂട്ടാനും ചിലവ് തുല്യമായി വീതം വയ്ക്കാനും ആവേശം കാട്ടുന്ന സിപിഎം നേതാക്കൾ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അടക്കമുള്ള സീറ്റ് വിഭജന ചർച്ചകൾ വരുമ്പോൾ കേരള കോൺഗ്രസ് എമ്മിനെ നിർദാക്ഷണ്യം തഴയുകയാണ് എന്ന വിമർശനമാണ് ഉയരുന്നത്. കേരള കോൺഗ്രസിനെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ നിന്നും തഴയുന്ന സിപിഎം പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന് മറുപടി പറയണമെന്ന ആവശ്യമാണ് നേതാക്കളും പ്രവർത്തകരും ഉയർത്തുന്നത്. കേരള കോൺഗ്രസിന് ശക്തിയുള്ള കേന്ദ്രങ്ങളിൽ കൃത്യമായി വോട്ട് പാർലമെൻറ് തിരഞ്ഞെടുപ്പ് ലഭിച്ചപ്പോൾ , സിപിഎമ്മിന്റെ കേന്ദ്രങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞത്. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാനും നടപടിയെടുക്കാനും സിപിഎം ഇതുവരെ തയ്യാറായില്ല. ഇത്തരത്തിൽ കേരള കോൺഗ്രസിനോട് പാർലമെൻറ് തിരഞ്ഞെടുപ്പിൽ പോലും അവഗണന കാട്ടിയ നിലപാടാണ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും തുടരുന്നതെന്നാണ് ആരോപണം.

ഈ വിഷയത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ കേരള കോൺഗ്രസ് എം കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയിൽ നിന്നും വിട്ടു നിൽക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ കടുത്ത പ്രതിഷേധം വിഷയത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്

Hot Topics

Related Articles