- വിമാന ടിക്കറ്റ് യാത്രാനിരക്ക് ഏകീകരണത്തിന്
വഴിതെളിഞ്ഞത് കെസി വേണുഗോപാലിന്റെ കർശന നിലപാട് - കെസി വേണുഗോപാലിന്റെ കാർക്കശ്യത്തിന്
മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടിവന്നു - ഉയർന്ന ടിക്കറ്റ് നിരക്ക് കൊള്ള: പ്രവാസി സമൂഹത്തിന് നൽകിയ വാക്കുപാലിച്ച് കെസി വേണുഗോപാൽ
ഒടുവിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. കെസി വേണുഗോപാൽ ചെയർമാനായ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ(പിഎസി) കർശന നിലപാടിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ ഡിജിസിഎ നിർബന്ധിതമായത്.
നിരവധി തവണ കെസി വേണുഗോപാൽ ചെയർമാനായ പിഎസി ഈ വിഷയം കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുക്കയും അമിത വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.അന്നൊക്കെ ഈ വിഷയം ഗൗരവത്തോടെ എടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാൻ ഡിജിസിഎ അധികാരം ഉപയോഗിക്കുന്നില്ലെന്ന വിമർശനം പിഎസി ആവർത്തിച്ചിരുന്നു. അഹമ്മദാബാദ് വിമാന അപകടത്തെ തുടർന്ന് വ്യോമയാന സുരക്ഷാ ആശങ്കകളെ കുറിച്ചുള്ള ചർച്ചകളിലും വിമാന കമ്പനികളുടെ അമിത യാത്ര ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെസി വേണുഗോപാൽ ഉന്നയിച്ചു. ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യുന്നവർക്ക് എന്തു സുരക്ഷയാണ് വ്യോമയാന മന്ത്രാലയവും ഡിജിസിഎയെയും ഒരുക്കുന്നതെന്നും കെസി വേണുഗോപാൽ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്സഭയിലും അദ്ദേഹം വിമാനകമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്യോമയാന റെഗുലേറ്ററർക്ക് നടപടിയെടുക്കാൻ അധികാരമുണ്ടായിട്ടും അതിന് തയ്യാറാകാത്ത നിലപാടിനെ കെസി വേണുഗോപാൽ കർശനമായി വിമർശിച്ചിരുന്നു.കൂടാതെ ട്രാൻസ്പോർട്ട് ടൂറിസം പാർലമെന്റ് കമ്മിറ്റിയിൽ പങ്കെടുത്ത സമയത്തും കെസി വേണുഗോപാൽ ഈ ആവശ്യം ഉന്നിയിച്ചിരുന്നു.ഹജ്ജ് തീർത്ഥാടകർക്ക് ഉൾപ്പെടെ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കെസി വേണുഗോപാൽ പാർലമെന്റ് കമ്മിറ്റിയിലും ഉന്നയിച്ചിരുന്നു.പ്രവാസി സമൂഹത്തിന് ആശ്വാസം എത്തിക്കാനുള്ള കെസി വേണുഗോപാലിന്റെ നിരന്തരമായ ഇടപെടലാണ് ഡിജിസിഎയുടെ നടപടിയിലൂടെ വിജയം കണ്ടത്.
ഡിജിസിഎയുടെ അധികാരപരിധിക്കുള്ളിൽ നിന്ന് കൊണ്ട് ഇത് നിരീക്ഷിക്കാൻ സംവിധാനം ഒരുക്കാൻ എന്താണ് തടസ്സമെന്ന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ കെസി വേണുഗോപാൽ ഡിജിസിഎയോട് വിശദീകരണം ചോദിച്ചിരുന്നു. കൃത്യമായ മറുപടി നൽകാതെ സാങ്കേതിക തടസ്സം ഉന്നയിച്ച് ഒഴികഴിവ് പറയുകമാത്രമായിരുന്നു ഡിജിസിഎ. രാജ്യത്തിന്റെ ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളെയും ആഭ്യന്തര വിമാനയാത്രികരെയും ബാധിക്കുന്ന വിഷയത്തിൽ ഇനിയും അലംഭാവം തുടരാൻ അനുവദിക്കില്ലെന്ന കർശന നിലപാട് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും കെസി വേണുഗോപാലും സ്വീകരിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ ഡിജിസിഎ സന്നദ്ധത അറിയിച്ചത്.
ഉത്സവ സീസണിലും അവധിക്കാലത്തും അനിയന്ത്രിതമായ നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.ഇതിനെല്ലാം പുറമെ യൂസേഴ്‌സ് ഫീസും സർവീസ് ചാർജ്ജും ഉൾപ്പെടെ സാധാരണക്കാരായ യാത്രക്കാർ ടിക്കറ്റ് നിരക്കിലൂടെ നൽകേണ്ട അവസ്ഥയാണ്. ഡിമാൻഡ് അനുസരിച്ചാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കൊള്ള നടത്തിയിരുന്നത്. ഗൾഫ് നാടുകളിൽ ഉൾപ്പെടെ വിദേശത്ത് നിന്ന് നാട്ടിലേക്കെത്തുന്ന പ്രവാസികളുടെ പോക്കറ്റ് ചോരുന്ന ദുരവസ്ഥ പലപ്പോഴായി കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പ്രവാസികളിൽ 70 ശതമാനത്തോളം പേരും കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. സാധാരണക്കാരായവർ മൂന്നോ നാലോ വർഷത്തിലൊരിക്കൽ ഉത്സവ സീസണിലോ അവധിക്കാലത്തോ ആയിരിക്കും നാട്ടിലേക്കുള്ള യാത്ര.ഈ സമയത്ത് വിമാന കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക് അവർക്ക് താങ്ങാവുന്നതിലും കൂടുതലാണ്. അവരുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് വിമാന ടിക്കറ്റെടുക്കാൻ നഷ്ടമാകും. കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിലൂടെ പ്രവാസി സമൂഹത്തിന്റെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാര നടപടിയുണ്ടാകുന്നത്. വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തുന്നതോടെ പോക്കറ്റ് കീറാതെ നാട്ടിലേക്ക് ഉറ്റവരുടെയടുത്ത് പറന്നിറങ്ങാമെന്ന പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ.