ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഖുറാനെ അപമാനിച്ചെന്നാരോപിച്ച് ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഖുറാൻ അവഹേളിച്ചുവെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിക്കുകയും ചെയ്ത ശേഷമാണ് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയത്. സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
പഞ്ചാബിലെ സിയാൽകോട്ട് സ്വദേശിയാണ് കൊല്ലപ്പെട്ടയാളെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ വ്യാഴാഴ്ച രാത്രി സ്വാത്തിലെ മദ്യൻ തഹസിൽ ഖുറാനിലെ പേജുകൾ കത്തിച്ചതായി ജില്ലാ പോലീസ് ഓഫീസർ സാഹിദുള്ള പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ഇയാളെ കൈമാറണമെന്ന് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് ഇത് നിരസിച്ചതിനെ തുടർന്ന് ജനക്കൂട്ടം വെടിയുതിർക്കുകയും പൊലീസ് തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, പൊലീസ് സ്റ്റേഷൻ ആക്രമിച്ച ജനക്കൂട്ടം പ്രതിയെ പുറത്തിറക്കി കൊലപ്പെടുത്തി. വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഡിപിഒ അറിയിച്ചു.