കോട്ടയം : കോട്ടയം കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറി 3 പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ നിന്നും അഞ്ചര വയസ്സുള്ള കുട്ടി രക്ഷെപെട്ടത് അത്ഭുതകരമായി. ഇന്നലെ വൈകിട്ട് 5 മണിയോടെ കിടങ്ങൂർ കുടല്ലൂർ സെൻ്റ് മേരീസ് പള്ളി പരിസരത്താണ് അപകടമുണ്ടായത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെയാണ് അപകടം.
പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിനിടയാക്കിയത്. 2 സ്ത്രീകൾ വാഹനത്തിനടയിൽ പെട്ടിരുന്നു. സ്ത്രീകളിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ത്രീകളെ ഇടിച്ചുവീഴ്ത്തി മുന്നോട്ടു കയറിയ ശേഷമാണ് മറ്റൊരാളെയും കാർ ഇടിച്ചത്. ഒരു പുരുഷനും പരിക്കേറ്റിട്ടുണ്ട്.