കൊല്ലം: ഭാര്യയെ മാനസികമായി പീഡിപ്പിച്ച് മരണത്തിലേയ്ക്കു തള്ളിവിട്ട ക്രൂരനായ ഭർത്താവ് കിരണിന് ലഭിച്ച ശിക്ഷയെച്ചൊല്ലി വ്യക്തത വരുത്തി വിധിപ്പകർപ്പ്. വിധിപ്പകർപ്പ് പുറത്തു വന്നപ്പോൾ 25 വർഷമാണ് കിരണിന് വിധിച്ചിരിക്കുന്ന ശിക്ഷ. എന്നാൽ, വിവിധ വകുപ്പുകളിലായി 25 വർഷം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഈ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകുമെന്നതിനാൽ പത്തു വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും. വിവിധ വകുപ്പുകളിലായി 12.5 ലക്ഷം രൂപയും പിഴയായി അടയ്ക്കണം. ഇതിൽ രണ്ടര ലക്ഷം രൂപ മരിച്ച വിസ്മയയുടെ കുടുംബത്തിന് കൈമാറണമെന്നും വിധിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ ഏറ്റവും വലിയ ശിക്ഷയായ 10 വർഷം തടവാണ് കിരൺ കുമാറിന് അനുഭവിക്കേണ്ടി വരിക. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് വിധി പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശിക്ഷാവിധി ഇങ്ങനെ
ഐപിസി 304 ബി (സ്ത്രീധന മരണം) – 10 വർഷം കഠിന തടവ്
ഐപിസി 306 (ആത്മഹത്യാ പ്രേരണ) – 6 വർഷം തടവ്, 2 ലക്ഷം രൂപ പിഴ
ഐപിസി 498 എ (ഗാർഹിക പീഡനം) – 2 വർഷം തടവ്, 50,000 രൂപ പിഴ
സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് മൂന്ന് – 6 വർഷം തടവ്, 10 ലക്ഷം രൂപ പിഴ
സ്ത്രീധ നിരോധന നിയമത്തിലെ വകുപ്പ് നാല് – ഒരു വർഷം തടവ്, 5000 രൂപ പിഴ.
കേസിൻറെ നാൾവഴി ഇങ്ങനെ
2019 മേയ് 31നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്ബത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിൻറെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാൽ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
2021 ജൂൺ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
2021 ജൂൺ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി
2021 ജൂൺ 22ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കിരൺ കുമാറിൻറെ അറസ്റ്റ് രേഖപ്പെടുത്തി
2021 ആഗസ്റ്റ് 6ന് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
2021 സെപ്റ്റംബർ 10ന് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു
2022 ജനുവരി 10ന് കേസിൻറെ വിചാരണ തുടങ്ങി
2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു
2022 മെയ് 23ന് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാർഹിക പീഡനവും ഉൾപ്പെടെ അഞ്ച് കുറ്റങ്ങൾ കിരൺ ചെയ്‌തെന്ന് കോടതി കണ്ടെത്തി