“സൂചി മുതൽ ചുറ്റിക വരെ, ആറ് മാസത്തേക്കുള്ള റേഷൻ വരെ കൈയ്യിൽ” ; ദീർഘകാല സമരത്തിനൊരുങ്ങി പഞ്ചാബിലെ കർഷകർ

ദില്ലി: ആറ് മാസത്തേക്കുള്ള റേഷനും ഇന്ധനവുമെല്ലാം കയ്യില്‍ കരുതിയാണ് ദില്ലിയിലേക്കുള്ള മാർച്ചെന്ന് പഞ്ചാബില്‍ നിന്നുള്ള കർഷകർ. രാജ്യതലസ്ഥാനത്തേക്കുള്ള അതിർത്തികള്‍ അടച്ചതിനാല്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിന് തയ്യാറെടുത്താണ് പോകുന്നതെന്ന് കർഷകർ പറയുന്നു. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കർഷക മാർച്ച്. 2020ല്‍ 13 മാസത്തോളം ദില്ലി അതിർത്തിയില്‍ ക്യാമ്പ് ചെയ്താണ് കർഷകർ സമരം ചെയ്തത്. ആ സമരത്തിന്‍റെ തുടര്‍ച്ചയാണിതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും കർഷകർ പറയുന്നു. 

Advertisements

“സൂചി മുതൽ ചുറ്റിക വരെ, കല്ല് പൊട്ടിക്കാനുള്ള ഉപകരണങ്ങൾ ആറ് മാസത്തേക്കുള്ള റേഷന്‍ എന്നിവയെല്ലാമായാണ് ഞങ്ങള്‍ പുറപ്പെട്ടത്. ഹരിയാനയിൽ നിന്നുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും ഉപയോഗിക്കാനുള്ള ഡീസൽ ഞങ്ങളുടെ പക്കലുണ്ട്”- പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള കർഷകൻ ഹര്‍ഭജന്‍ സിംഗ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ട്രോളികള്‍ നിറയെ സാധനങ്ങളുമായി ട്രാക്റ്ററിലാണ് ദില്ലിയിലേക്കുള്ള ഹര്‍ഭജന്‍റെ യാത്ര. 2020ലെ സമരത്തിലും താന്‍ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ഭജന്‍ വിമര്‍ശിച്ചു. അതിനിടെ മാർച്ച് പരാജയപ്പെടുത്താൻ തങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് കർഷകർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

50 കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ദില്ലി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് ഇന്ന് രാവിലെ തുടങ്ങിയത്. ആയിരക്കണക്കിന് കർഷകരാണ് ദില്ലിയിലേക്ക് തിരിച്ചത്. ഫത്തേഗഡ് സാഹിബിൽ മാത്രം 1700 ട്രാക്ടറുകളാണ് മാർച്ചിനായി എത്തിച്ചത്. ഹരിയാനയിലെ  അതിർത്തി ജില്ലകളിലെല്ലാം ഇൻറർനെറ്റ് റദ്ദാക്കി. സമരത്തിൽ പങ്കെടുക്കുന്ന ഹരിയാനയിലെ കർഷകരുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും ട്രാക്ടർ പിടിച്ചെടുക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നല്കി. അതിർത്തിയിൽ തടയുന്ന സ്ഥലങ്ങളിൽ ഇരിക്കാനും അടുത്ത ഘട്ടത്തിൽ ദില്ലിയിലേക്ക് കടക്കാനുള്ള നീക്കം ആലോചിക്കാനുമാണ് സംഘടനകളുടെ തീരുമാനം.

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ സംഘർഷമുണ്ടായി.  സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. 

ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. പൊലീസുമായുളള സംഘർഷത്തിന്റെ സാഹചര്യത്തിലും കൂടുതൽ കർഷകർ പ്രദേശത്തേക്ക് ഒഴുകിയെത്തുകയാണ്. 

ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടനകൾ നടത്തിയ അഞ്ചു മണിക്കൂർ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷകർ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. 

താങ്ങുവിലയ്ക്ക് നിയമസാധുത നല്കുന്ന നിയമം ഈ സർക്കാരിൻറെ കാലത്ത് ഇനി പാസ്സാകില്ല എന്നാണ് മന്ത്രിമാർ അറിയിച്ചത്. താങ്ങുവിലയുടെ കാര്യത്തിൽ നടപടിയില്ലാതെ പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ കർഷകർക്ക് 10,000 രൂപ പെൻഷൻ നല്കണം എന്ന ആവശ്യവും സംഘടനകൾ ശക്തമാക്കുകയാണ്. അതിനിടെ കർഷക സംഘടനകൾക്ക് ദില്ലി സർക്കാർ പിന്തുണ പ്രഖ്യാപിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.