കൊച്ചി: ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ നിർദേശപ്രകാരമാണ് എറണാകുളത്തെ കിറ്റക്സ് പ്ലാൻ്റിൽ എത്തിയതെന്ന് ആന്ധ്രാ ടെക്സ്റ്റൈൽ മന്ത്രി സവിത. കിറ്റക്സിനെ ആന്ധ്രയിലേക്ക് കൊണ്ടുപോവുകയാണ് ലക്ഷ്യം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ മുൻപ് ഒന്നാമതായിരുന്നു ആന്ധ്ര. ആ സ്ഥാനം പിന്നീട് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ വീണ്ടും വ്യവസായികളെ സംസ്ഥാനത്ത് എത്തിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം.
സന്ദർശനത്തിൽ വളരെ തൃപ്തി തോന്നിയെന്ന് മന്ത്രി സവിത പ്രതികരിച്ചു. സാബു എം ജേക്കബിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചു. നിക്ഷേപം സംബന്ധിച്ച തുടർ ചർച്ചകൾക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്താൻ മന്ത്രി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ ഇനി വ്യവസായം തുടരാൻ താത്പര്യമില്ലെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. 3500 കോടി രൂപയാണ് തെലങ്കാനയിൽ നിക്ഷേപിച്ചത്. സംസ്ഥാനം ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് അന്ന് തെലങ്കാനയിലേക്ക് പോയത്. ഇപ്പോൾ ആന്ധ്രയിൽ നിന്ന് ക്ഷണം വന്നിരിക്കുന്നു. ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യക്ക് വലിയ സാധ്യതയാണുള്ളതെന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി.
കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ മുന്നിലാണെന്നത് സംസ്ഥാനത്തെ വ്യവസായ മന്ത്രിയും സർക്കാരും മാത്രം പറയുന്നതാണ്. ഒരു വ്യവസായിയും അത്തരത്തിൽ പറയില്ല. മനസമാധാനത്തിന് വേണ്ടിയാണു താൻ സംസ്ഥാനം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.