കൊച്ചി: കിറ്റക്സ് ആന്ധ്രയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി രാജീവ് നടത്തിയ പ്രതികരണത്തിൽ രൂക്ഷ മറുപടിയുമായി കിറ്റക്സ് എംഡി സാബു ജേക്കബ്. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് തുറന്നടിച്ചു.
സ്വന്തം കഴിവില്ലായ്മയും പോരായ്മയും മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. ആന്ധ്ര വെറും മോശമാണെന്നൊക്കെയുള്ള വ്യവസായ മന്ത്രിയുടെ പ്രതികരണം സ്ഥിരമുള്ളതാണെന്നും സാബു ജേക്കബ് ആരോപിച്ചു. കിറ്റക്സ് കേരളം വിട്ട് പോകാനുള്ള കാരണം എല്ലാർക്കും അറിയാം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റ അന്ന് മുതൽ ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് ഒരുമിച്ച് ആക്രമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
10000തിൽ ഏറെ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു മാസം തുടർച്ചയായ റെയ്ഡുകൾ നടത്തി. ഒരു നിയമലംഘനം പോലും കണ്ടെത്താനായില്ല. അന്ന് സഹികെട്ടാണ് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനത്തേക്ക് മാറ്റിയത്. കിറ്റെക്സ് കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച അന്ന് കിറ്റെക്സിന്‍റെ ഓഹരി മൂല്യം വർധിച്ചു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് പിടിച്ചു നിന്നത് പിതാവ് എം.സി ജേക്കബിന്‍റെ ചില ലക്ഷ്യങ്ങൾ കൂടി മുൻ നിർത്തിയാണ്.
ഒരു പാട് ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അത്. ആന്ധ്ര വളരെ മോശമാണെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. അത് അദ്ദേഹത്തിന്‍റെ സ്ഥിരം ശൈലിയാണ്. സ്വന്തം പോരായ്മയും കഴിവില്ലായ്മയും മറച്ചുവെയ്ക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ്. കിറ്റക്സ് വളർന്നത് കേരളത്തിന്‍റെ മണ്ണിൽ ആണെന്നും അത് മറക്കരുതെന്നുമാണ് മന്ത്രി പറയുന്നത്. ഇതുകേട്ടാൽ തോന്നും കേരളം ചില ആളുകളുടെ സ്വത്താണെന്ന്.
കേരളം ആരുടെയും പിതൃസ്വത്തല്ല. കഴിഞ്ഞ 60 വർഷം മുൻപ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്നും സാബു ജേക്കബ് പറഞ്ഞു.ഇവർക്കും 10 പേർക്ക് തൊഴിൽ കൊടുക്കാമായിരുന്നല്ലോ. അവർ ആളെ പറ്റിച്ച് ജീവിക്കുകയാണെന്നും സാബു വിമർശിച്ചു.