കോട്ടയം: ജില്ലയിൽ സൂക്ഷ്മസംരംഭ മേഖലയില്‍ 13812 വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കി കുടുംബശ്രീ. 5393 വ്യക്തിഗത സംരംഭങ്ങളും 1521 ഗ്രൂപ്പ് സംരംഭങ്ങളും ഉള്‍പ്പെടെ ആകെ 6914 സംരംഭങ്ങള്‍ ഈ മേഖലയില്‍ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിന്‍ കെ-ലിഫ്റ്റ് വഴി 5862 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങള്‍. വിവിധ പദ്ധതികളുടെ ഭാഗമായി ഉല്‍പാദന സേവന മേഖലകളിലടക്കം കുടുംബശ്രീ വനിതകള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നുണ്ട്. സേവന മേഖലയില്‍ 2149 -ഉം വ്യാപാര രംഗത്ത് 1521 ഉം സംരംഭങ്ങളും രൂപീകരിച്ചിട്ടുണ്ട്. ഭക്ഷ്യോല്‍പാദനത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണവും ഭക്ഷ്യ-സംസ്കരണവുമടക്കമുള്ള മേഖലകളിലും ശ്രദ്ധേയമായ ചുവട് വയ്പ്പ് നടത്താന്‍ കുടുംബശ്രീക്കായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിൽ അജൈവ മാലിന്യ ശേഖരണത്തിനായി കുടുംബശ്രീയുടെ കീഴില്‍ രൂപീകരിച്ച 78 ഹരിതകര്‍മ സേനകളിലെ 2301 വനിതകള്‍ക്കും ഇന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് 20 രൂപയ്ക്ക് ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി 46 ജനകീയ ഹോട്ടലുകളും നടപ്പാക്കുന്നു. കാലാനുസൃതമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനും കുടുംബശ്രീ പ്രത്യേക പരിഗണന നല്‍കുന്നു. ജില്ലയിൽ ആരംഭിച്ച പ്രീമിയം കഫേ റെസ്റ്റോറന്റ് ആണ് ഇതിൽ പ്രധാനം. നാല്പത്തിയഞ്ചോളം വനിതകൾക്കു ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
വയോജന രോഗീപരിചരണ മേഖലയില്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച കെ4കെയര്‍ പദ്ധതിയാണ് മറ്റൊന്ന്. ഇതിലൂടെ മുപ്പതോളം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
സ്വയംതൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്ന വനിതകള്‍ക്ക് പൊതുഅവബോധന പരിശീലനം, സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ വികസന പരിശീലനം, വിവിധ സാമ്പത്തിക പിന്തുണകള്‍ എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു.