തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും. കലോത്സവം നടക്കുന്ന ജനുവരി 4 മുതല്‍ 8 വരെ കാലയളവില്‍ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതല്‍ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്‌ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളുടേയും സർവ്വീസ് നടത്താൻ അനുവദിക്കില്ല.
ഈ ഭാഗങ്ങളില്‍ നിന്നുള്ള സർവ്വീസുകള്‍ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം, പാർക്കിംഗ് കേന്ദ്രങ്ങളില്‍ നിന്നും നടത്തുമെന്നും മന്ത്രി അറിയിച്ചു. 2016 ല്‍ ആണ് അവസാനമായി തിരുവനന്തപുരം കലോത്സവത്തിന് വേദി ആയത്. 9 വർഷങ്ങള്‍ക്ക് ശേഷം കലോത്സവം വീണ്ടും തലസ്ഥാനത്ത് എത്തുമ്പോള്‍ ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞുവെന്ന് മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.