കോട്ടയം : കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി പോലീസ് സ്റ്റേഷനു മുന്നിലെത്തിയ പരാതിക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറയുന്ന വീഡിയോ പുറത്ത്. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മനോജിനെതിരെയാണ് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ കുറിച്ചി സ്വദേശി വികാസിനെയാണ് പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനു മുന്നിൽ വച്ച് പരസ്യമായി അസഭ്യം പറഞ്ഞത്. മൂന്നുവർഷം മുമ്പ് വികാസ് തൻ്റെ വാഹനം പണയം വെച്ച് അയൽവാസിയ്ക്ക് നാലരലക്ഷത്തോളം രൂപ നൽകിയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടിട്ടും ഇവർ നൽകാൻ തയ്യാറായില്ല. ഇതേ തുടർന്ന് വികാസ് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നീ പരാതിയെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മൂന്നുലക്ഷത്തോളം രൂപ അയൽവാസികൾ വികാസിന് തിരികെ നൽകി. ഇതിനുശേഷം പണം തിരികെ ലഭിക്കാതിരുന്നത് സംബന്ധിച്ച് വികാസ് തൻറെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ബാക്കി പണം ലഭിക്കുന്നത് സംബന്ധിച്ച് വികാസ് പൊലീസ് സ്റ്റേഷനിൽ എത്തി പി ആർ ഒ ആയ എ എസ് ഐ മനോജിനോട് പരാതി പറഞ്ഞു. ഇതിനിടെ മനോജ് വികാസിനെ അസഭ്യം പറയുകയായിരുന്നു. ഈ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. പരാതിക്കാരോട് അടക്കം മാന്യമായി പെരുമാറണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ നിലനിൽക്കുന്നതിനിടയാണ് പോലീസ് സ്റ്റേഷൻ മുന്നിൽ വെച്ച് തന്നെ എ എസ് ഐ പരാതിക്കാരനെ അസഭ്യം പറഞ്ഞിരിക്കുന്നത്.