മണർകാട്: കെ.കെ റോഡിലൂടെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കാറിനു പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡരികിലേയ്ക്കു മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. കാർ യാത്രികനായ നെടുംകുന്നം സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ വടവാതൂരിനും മാധവൻപടിയ്ക്കും മദ്ധ്യേയായിരുന്നു അപകടം.
കെ.കെ റോഡിൽ കോട്ടയത്തുനിന്നും നെടുങ്കണ്ടം തൂക്കപാലത്തേയ്ക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ബസിനു മുന്നിൽ പോയ സെലേറിയോ എന്ന കാർ മറ്റൊരു വശത്തേയ്ക്ക് തിരിയുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ബസ് കാറിനു പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ, കാർ രണ്ട് തവണ മലക്കം മറിഞ്ഞ് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിതവേഗതയിലായിരുന്ന ബസ് മീറ്ററുകളോളം മുന്നോട്ടു പോയ ശേഷമാണ് നിന്നത്. മണർകാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ദീർഘദൂര ബസിന്റെ ആറ് ടയറുകളും സഞ്ചാരയോഗ്യമല്ലെന്ന് കണ്ടെത്തിയതായും ബസ് കസ്റ്റഡിയിലെടുക്കുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.