കോട്ടയം: കെകെ റോഡിൽ കളത്തിപ്പടിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ പിതാവ് വിഷം ഉള്ളിൽച്ചെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാന്റെ (26) പിതാവ് ജോയി ചെറിയാനെയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിലാണ് ഷിന്റോ മരിച്ചത്.
കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസാണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക് ബസ്സുമായി ഇടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുൻ ഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ട ഷിന്റോയും സഹോദൻ സിജോയും അച്ഛൻ ചെറിയാന്റെ സംരക്ഷണയിലാണ് വളർന്നത്.ഷിന്റോയ്ക്കും സഹോദരനും അമ്മയും അച്ഛനുമെല്ലാം ചെറിയാനായിരുന്നു. അമ്മയെ നഷ്ടപ്പെട്ട ദുഖം അറിയിക്കാതെ വളർത്തി വലുതാക്കിയ പ്രിയപ്പെട്ട പുത്രൻ മരിച്ചുവെന്ന വാർത്ത ഉൾക്കൊള്ളാനാവാതെ തേങ്ങുകയായിരുന്നു ഓട്ടോറിക്ഷ തൊഴിലാളിയായ പി ഇ ചെറിയാൻ. ഇതിനിടെയാണ് വെള്ളിയാഴ്ച വൈകിട്ട് എട്ടരയോടെ ഇദ്ദേഹത്തെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ മരിച്ച മീനടം സ്വദേശി ഷിന്റോ ചെറിയാൻ യാത്രയായത് വിദേശ ജോലി എന്ന സ്വപ്നം ബാക്കിയാക്കി. പോളണ്ടിൽ ഇൻസ്ട്രമെന്റേഷൻ ജോലി ലഭിച്ച ഷിന്റോ വിദേശത്തേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് വാഹനാപകടം അപ്രതീക്ഷിതമായി ഷിന്റോയുടെ ജീവൻ കവർന്നത്.