കൊച്ചി : ക്നാനായ സമുദായത്തിൻ്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ക്നാനായ അസോസിയേഷൻ നീക്കത്തിന് തിരിച്ചടി. സമുദായ ഭരണഘടന ഭേദഗതി ചെയ്യാനായി ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ ചേരാനിരുന്ന പ്രത്യേക യോഗം ഹൈക്കോടതി തടഞ്ഞു. ഭരണഘടനാ ഭേദഗതി സംബന്ധമായ വിഷയങ്ങൾ യോഗത്തിൽ പരിഗണിക്കുന്നത് വിലക്കിയാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. പരിശുദ്ധ അന്തോഖ്യാ സിംഹാസനവുമായോ പാർത്രിയാക്കീസ് ബാവയുടെ മേലധികാരവുമായോ ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നും തന്നെ ചർച്ച’ചെയ്യാൻ പാടില്ല എന്ന് ഭരണഘടനയിൽ തന്നെ വിലക്കുണ്ട്. ഇത് ലംഘിച്ചാണ് അസോസിയേഷൻ യോഗം ചേരാൻ ശ്രമിച്ചത്. പരിശുദ്ധ പാർത്രിയാക്കീസ് ബാവയുടെ സസ്പെൻഷൻ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ അസോസിയേഷന് സ്വന്തം നിലയിൽ യോഗം കൂടുന്നതിന് അധികാരം ഇല്ല. മോർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ സസ്പെൻഷൻ നില നിൽക്കുന്ന സാഹചര്യത്തിൽ കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് സമുദായ മെത്രാപ്പോലീതയുടെ ചുമതല നൽകിക്കൊണ്ട് പാത്രിയാക്കീസ് ബാവ കഴിഞ്ഞ ദിവസം കൽപ്പന ഇറക്കിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ സമുദായ മെത്രാപ്പോലീത്തയുടെ ചുമതലക്കാരനായ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് പ്രത്യേക അസോസിയേഷൻ യോഗം ചേരുന്നതിന് എതിരെ കൽപ്പനയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഇപ്പോൾ യോഗം ചേരാനുള്ള നീക്കം തടഞ്ഞിരിക്കുന്നത്.