മണർകാട് : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനും കിഴക്കിന്റെ കാതോലിക്കായുമായ മലങ്കരയുടെ യാക്കോബ് ബുർദാന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ വേർപാട് മണർകാട് പള്ളിയ്ക്കും പരിശുദ്ധ സഭയ്ക്ക് ആകമാനവും നികത്താനാവാത്ത ഒരു വിടവ് തന്നെയാണെന്ന് മണർകാട് പള്ളി മാനേജിങ് കമ്മറ്റി യോഗം അനുശോചനപ്രമേയം അവതരിപ്പിച്ചു. ബാവായുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് റീത്ത് സമർപ്പിക്കുന്നതിനും പള്ളിയിൽ നിന്നുമുള്ള കുന്തിരിക്കം സഭാ ഭാരവാഹികളെ ഏല്പിക്കുന്നതിനുമായി, ബഹുമാനപ്പെട്ട വൈദികരുടെയും, ട്രസ്റ്റിമാർ, സെക്രട്ടറി, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെയും നേതൃത്വത്തിൽ നാളെ നവംബർ ഒന്ന് വെള്ളിയാഴ്ച പുത്തൻകുരിശിലേയ്ക്ക് പോകുന്നതിനായും കമ്മിറ്റി തീരുമാനമെടുത്തു. ഇത് കൂടാതെ മാനേജിംഗ് കമ്മിറ്റി കൈക്കൊണ്ടതായ മറ്റ് പ്രധാന തീരുമാനങ്ങൾ ഇങ്ങനെ ; ബാവയുടെ കബറടക്കത്തിൽ ശനിയാഴ്ച പങ്കെടുക്കുവാനാഗ്രഹിക്കുന്ന ഇടവകാംഗങ്ങൾക്കായി ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് പള്ളിയിൽ നിന്നും വാഹന ക്രമീകരണങ്ങൾ ചെയ്യും. പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് തീരുമാനപ്രകാരം ഇടവകയിൽ 14 ദിവസം ദുഃഖാചരണം നടത്തുവാൻ തീരുമാനിച്ചു. പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ അവധി നൽകുവാൻ തീരുമാനിച്ചു.