കോട്ടയം: കൊല്ലാട് സെന്റ് പോൾസ് പള്ളിയിൽ നിന്നും കാസ്റ്റ് അയൺ പൈപ്പുകൾ മോഷ്ടിച്ച മോഷ്ടാവ് തിരികെയിട്ടത് മാങ്ങാനം എൽപി സ്കൂളിൽ നിന്നും അടിച്ചു മാറ്റിയ പ്ലാസ്റ്റിക്ക് പൈപ്പുകൾ. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്നും മോഷ്ടിച്ച പൈപ്പുകളുടെ ടാപ്പുകളാണ് കൊല്ലാട് സെന്റ് പോൾസ് പള്ളിയുടെ ഓഡിറ്റോറിയത്തിനു സമീപത്ത് ഫിറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. ഇതു സംബന്ധിച്ചു സ്കൂൾ അധികൃതർ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊല്ലാട് സെന്റ് പോൾസ് പള്ളിയിൽ നിന്നും മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ക്യാമറാ ദൃശ്യം ലഭിച്ചതോടെ ആശ്വാസത്തിനാണ് മാങ്ങാനം നിവാസികൾ.
ശനിയാഴ്ച രാവിലെയാണ് കൊല്ലാട് സെന്റ് പോൾസ് പള്ളിയിലെ ഓഡിറ്റോറിയത്തിനു സമീപത്തെ പൈപ്പുകളുടെ കാസ്റ്റ് അയൺ പൈപ്പുകൾ മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന്, പള്ളി അധികൃതർ കോട്ടയം ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ടാപ്പുകൾ മാങ്ങാനം സ്കൂളിൽ നിന്നും മോഷ്ടിച്ചെടുത്തതാണ് എന്നു കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മാങ്ങാനം എൽപി സ്കൂളിൽ നിന്നാണ് ആറു പ്ലാസ്റ്റിക്ക് പൈപ്പുകൾ മോഷണം പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവോണ ദിവസം സ്കൂളിൽ നിന്നും പത്ത് പ്ലാസ്റ്റിക്ക് ടാപ്പുകൾ മോഷണം പോയിരുന്നു. ഈ ടാപ്പുകളാണ് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിലെ കാസ്റ്റ് അയൺ ടാപ്പുകൾ മോഷ്ടിച്ച ശേഷം ഇവിടെ സ്ഥാപിച്ചിരുന്നത്. ഇത്തരത്തിൽ പ്ലാസ്റ്റിക്ക് പൈപ്പുകൾ മോഷണം പോയതായി കണ്ടെത്തിയതോടെ പത്തു ദിവസം മുൻപാണ് മാങ്ങാനം എൽപി സ്കൂളിൽ പുതിയ പ്ലാസ്റ്റിക്ക് ടാപ്പുകൾ സ്ഥാപിച്ചത്. ഈ ടാപ്പുകൾ വെള്ളിയാഴ്ച മോഷണം പോകുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് സ്കൂളിലെ ജീവനക്കാർ ചെടികൾക്ക് വെള്ളം ഒഴിക്കാൻ എത്തിയപ്പോഴാണ് ടാപ്പുകൾ മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് ഇവർ ഈസ്റ്റ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ഏതായാലും മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ നിന്നും ടാപ്പ് മോഷണം പോയ വിവാദത്തിന് വഴിത്തിരിവുണ്ടായതിന്റെ ആശ്വാസത്തിലാണ് മാങ്ങാനം നിവാസികൾ. നേരത്തെ ഈ ടാപ്പ് മോഷണം പോയ സംഭവത്തിൽ പള്ളിയിലെ ജീവനക്കാരനെ സംശയ മുനയിൽ നിർത്തുന്ന സാഹചര്യമുണ്ടായിരുന്നു. ചിലർ ജീവനക്കാരന്റെ പേരെടുത്ത് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ, കൊല്ലാട് പള്ളിയിൽ നിന്നും ടാപ്പ് മോഷ്ടിച്ച പ്രതിയുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചതോടെ ആശ്വാസത്തിലായിരിക്കുന്നത് അക്ഷരാർത്ഥത്തിൽ മാങ്ങാനം നിവാസികളാണ്. തങ്ങളുടെ പള്ളിയിലെ ജീവനക്കാരൻ സംശയ മുനയിൽ നിന്നും രക്ഷപെട്ടല്ലോ എന്ന ആശ്വാസമാണ് ഇവർക്കുള്ളത്. തങ്ങളുടെ ജീവനക്കാരനെ സംശയത്തിലാക്കിയവർ ഇനിയെങ്കിലും മാപ്പ് പറയാൻ തയ്യാറാകണമെന്നാണ് മാങ്ങാനം നിവാസികളുടെ ആവശ്യം.