കൊച്ചി: മാലം സുരേഷ് അടക്കമുള്ള മൂന്നു പേർക്കെതിരെ ജില്ലാ പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ ഹൈക്കോടതി നടപടി. മാലം സുരേഷിനെതിരെയും മറ്റ് രണ്ട് പേർക്ക് എതിരെയും രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസ് ഹൈക്കോടതി റദ്ദാക്കി. ഇതേ കൂടാതെ സുരേഷിന്റെ വീട്ടിൽ നിന്നും മദ്യം പിടികൂടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നതിനും ഉത്തരവായി. ഇത് കൂടാതെ സുരേഷിനെതിരെ 107 വകുപ്പ് പ്രകാരം ആർഡിഒ ആരംഭിച്ച നടപടികൾ റദ്ദ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ പൊലീസ് ആരംഭിച്ച നടപടികളാണ് ഇപ്പോൾ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.
മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷ്, തൃശൂർ ഒരുമനയൂർ ഈരാച്ചംവീട്ടിൽ ജമീൽ മുഹമ്മദ് (46), ഏറ്റുമാനൂർ കൊച്ചിടപ്പള്ളിക്കാലായിൽ ഷാനവാസ് (48) എന്നിവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസിന്റെ ബഞ്ചാണ് കേസിൽ ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റുമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത ചീറ്റിംങ് കേസിലാണ് മാലം സുരേഷിന്റെ വീട് കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് ചെയ്തത്. ഈ റെയ്ഡിൽ വീട്ടിൽ നിന്നും വിദേശ മദ്യം കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഈ കേസിൽ സുരേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇത് കൂടാതെ സുരേഷിനെതിരെ ആർ.ഡി.ഒ പൊലീസ് റിപ്പോർട്ട് പ്രകാരം 107 വകുപ്പ് അനുസരിച്ചുള്ള നടപടികളും ആരംഭിച്ചിരുന്നു. ഈ കേസുകളെല്ലാം ഇപ്പോൾ കോടതി റദ്ദ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെയാണ് വീട്ടിൽ നിന്നും മദ്യം പിടികൂടിയ കേസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ വച്ച് അന്വേഷിക്കാനും ഉത്തരവായിരിക്കുന്നത്.
ഈ കേസിൽ മറ്റൊരു പ്രതിയായ ജമീൽ മുഹമ്മദിനെ വിമാനത്താവളത്തിൽ നിന്നും എമിഗ്രേഷൻ സമയത്താണ് കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഈ അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി ജമീൽ മുഹമ്മദ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഇപ്പോൾ ജമീൽ മുഹമ്മദിന്റെ പരാതിയിൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്.