വാഷിങ്ടണ്‍: ഇന്ത്യയുടെ തീരുവ ആശങ്കകള്‍ക്കിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രഖ്യാപനം നടത്താൻ പോകുന്നുവെന്ന് അറിയിച്ച് വൈറ്റ് ഹൗസ്.യുഎസ് സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ (ഇന്ത്യൻ സമയം അർധരാത്രി) പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. ഇന്ത്യയുടെ മേല്‍ 50 ശതമാനം തീരുവ ഉയർത്തിയ സാഹചര്യം, എസ്സിഒ ഉച്ചകോടിയില്‍ ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള പുതിയ ബന്ധം, റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കാത്ത സാഹചര്യം എന്നിവ മുന്നില്‍നില്‍ക്കേയാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത് എന്നതിനാല്‍ ഏറെ ആകാംക്ഷയോടെയാണ് ലോകം ഇതിനെ ഉറ്റുനോക്കുന്നത്.
താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടയില്‍ ഓവല്‍ ഓഫീസില്‍നിന്ന് ‘പൊട്ടിക്കാൻ പോകുന്ന ബോംബെ’ന്താണെന്നത് അറിയാൻ ഇന്ത്യയും ആകാംക്ഷാനിർഭരമായ കാത്തിരിപ്പിലാണ്. ഈ പ്രഖ്യാപനം പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യതയെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രംപിന്റെ ഭരണത്തെയും അദ്ദേഹം പിന്തുടരുന്ന നയങ്ങളെയും എതിർത്തും അനുകൂലിച്ചും ലോകമെമ്ബാടും വ്യാപകമായ ചർച്ചകള്‍ വിപുലപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണ്. മറ്റൊരു വശത്ത്, റഷ്യയും യുക്രൈനും തമ്മില്‍ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ എങ്ങുമെത്താത്ത സാഹചര്യവുമുണ്ട്. ഇതിനിടയിലൂടെ എസ്സിഒ ഉച്ചകോടിയില്‍ ഇന്ത്യ, ചൈന, റഷ്യ എന്നിവർ തമ്മിലുണ്ടായ അടുപ്പവും അതുണ്ടാക്കുന്ന പുതിയ നവലോകക്രമവും യുഎസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സ്വന്തം രാജ്യത്തിനകത്തുനിന്നുയരുന്ന രൂക്ഷമായ വിമർശനങ്ങളും ട്രംപിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെ പലകൂട്ടം കാര്യങ്ങളുമായി ബന്ധപ്പെട്ട് ട്രംപും യുഎസും ലോകമെമ്ബാടും ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നതിനാല്‍ വരാനിരിക്കുന്ന പ്രഖ്യാപനമെന്തായിരിക്കുമെന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളു ഉയരുന്നുമുണ്ട്.
ട്രംപിന്റെ ആരോഗ്യനിലയെ സംബന്ധിച്ചും ചില ഊഹാപോഹങ്ങളുണ്ട്. കഴിഞ്ഞയാഴ്ച പൊതുവേദിയില്‍നിന്ന് വിട്ടുനിന്നതും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടിയിരുന്നു. മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തില്‍നിന്ന് ആഴ്ചകളോളം വിട്ടുനിന്നതും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു. ഇവയില്‍ വല്ല വസ്തുതയുമുണ്ടോ അതോ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ വ്യക്തതമല്ല. അതേസമയം, അടുത്തിടെ പ്രത്യക്ഷപ്പെട്ട പല വേദികളിലും മറവി രോഗമെന്ന് സംശയിക്കാൻ കഴിയുന്ന വിധത്തിലുള്ള ലക്ഷണങ്ങള്‍ ട്രംപ് പ്രകടിപ്പിച്ചിരുന്നെന്നും ചില റിപ്പോർട്ടുകളുണ്ട്.
ഓഗസ്റ്റ് 25-ന് നടന്ന ഒരു കാബിനറ്റ് മീറ്റിങ്ങില്‍ ട്രംപിന്റെ കൈയിലെ ചതവിന്റെ ചിത്രം വൈറലായിരുന്നു. എന്നാല്‍, നിരന്തരമായി ഹസ്തദാനം ചെയ്യേണ്ടിവരുന്നതുകൊണ്ടുള്ള പ്രശ്നമാണതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വിശദീകരിക്കുന്നുണ്ടെങ്കിലും അതില്‍ വാസ്തവമുണ്ടെന്ന് വിശ്വസിക്കുന്നവർ വിരളമാണ്. കണങ്കാലിലെ നീരും ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
‘ട്രംപ് മരിച്ചു’, ‘ട്രംപ് എവിടെ’ എന്നൊക്കെയാണ് അടുത്തിടെ എക്സില്‍ ട്രെൻഡിങ് ആയ ഹാഷ്ടാഗുകള്‍. ഓഗസ്റ്റ് 30-ന് വിർജീനിയയിലെ ഗോള്‍ഫ് ക്ലബ്ബില്‍ കൊച്ചുമക്കളോടൊപ്പം വിശ്രമിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത് ട്രംപിന്റെ ‘അപരൻ’ ആണെന്നുപോലും അവകാശപ്പെട്ട് രംഗത്തുവരുന്നവർ ഏറെയാണ്. എന്നാല്‍, പ്രസിഡൻറിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വൈറ്റ്ഹൗസ് ആവർത്തിച്ച് വ്യക്തമാക്കുന്നത്.
ട്രംപ് യുഎസ് പ്രസിഡന്റ് പദത്തില്‍നിന്ന് സ്ഥാനമൊഴിയുകയാണെന്നാണ് ഉയരുന്ന ഊഹാപോഹങ്ങളിലൊന്ന്. ആരോഗ്യ സംബന്ധമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവെച്ചേക്കുമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഈ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരുമെന്നും എക്സില്‍ ചർച്ചകളും അഭിപ്രായപ്രകടനങ്ങളും കൊഴുക്കുന്നു. എന്നാല്‍, ഇതിനുള്ള സാധ്യത തുലോം കുറവാണെന്ന് വാദിക്കുന്നവരുമുണ്ട്. താരിഫ് ഇനിയും കൂട്ടുമെന്നാണ് പറയാൻ പോകുന്നതെന്ന് നിരീക്ഷിക്കുന്നവരും ഏറെ. ഇറക്കുമതിചെയ്യുന്ന മരുന്നുകളാകും ട്രംപിന്റെ അടുത്ത ലക്ഷ്യമെന്നും 200 ശതമാനംവരെ തീരുവ ചുമത്തുന്നത് പരിഗണനയിലുണ്ടെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി അലാസ്കയില്‍ നടന്ന കൂടിക്കാഴ്ചയുടെ പുരോഗതി വിവരിക്കാനാണ് വാർത്താസമ്മേളനമെന്നും വാദമുണ്ട്. റഷ്യ-യുക്രൈൻ സമാധാനക്കരാറിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട് ഏതെങ്കിലുംതരത്തിലുള്ള പുരോഗതിയെക്കുറിച്ചോ പ്രഖ്യാപനമുണ്ടായേക്കാമെന്നും ചിലർ അനുമാനിക്കുന്നു. ഇല്ലിനോയിയിലെ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുക ലക്ഷ്യമിട്ട് നാഷണല്‍ ഗാർഡിനെ വിന്യസിക്കുമെന്നത് മുതല്‍ ‘സ്റ്റാച്യു ഓഫ് ലിബർട്ടി’ മിനുക്കുപണി നടത്താനുള്ള പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നുവരെയുള്ള ഊഹാപോഹങ്ങളാണ് സാമുഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.