തിരുവനന്തപുരം: ജോലിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണൂർ സ്വദേശി ശ്രീഹരി (50) മരിച്ചു.മണക്കാടുള്ള വർക്ക്ഷോപ്പില്‍ മെക്കാനിക്കായ ശ്രീഹരിയെ ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്നാണ് കഴിഞ്ഞ ആഗസ്റ്റ് 19ന് വർക്ക്ഷോപ്പുടമ ആശുപത്രിയിലെത്തിച്ചത്. മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ശ്രീകണ്ഠന്റെ യൂണിറ്റില്‍ പ്രവേശിപ്പിച്ച ശ്രീഹരിക്ക് നടത്തിയ പരിശോധനയില്‍ ബ്രയിൻ സ്റ്റെം സ്ട്രോക്കാണ് സംഭവിച്ചതെന്നു കണ്ടെത്തി.
തലച്ചോറില്‍ പ്രധാന ഭാഗങ്ങളായ സെറിബെല്ലം, പോണ്‍സ് എന്നിവിടങ്ങളില്‍ രക്തം കട്ടപിടിച്ചിരുന്നു. തുടർന്ന് ന്യൂറോളജി, ന്യൂറോ സർജറി, ഫിസിയോതെറാപ്പി വിഭാഗങ്ങള്‍ രോഗിയെ പരിശോധിക്കുകയും ചെയ്തു. കാലില്‍ ഒരു മുറിവുണ്ടായിരുന്നതിനാല്‍ സർജറി വിഭാഗവും പരിശോധിച്ചു. ഈ വിഭാഗങ്ങളുടെ നിർദേശപ്രകാരം ചികിത്സ തുടരുകയും ചെയ്തു. സെപ്തംബർ ഒന്നിന് നടത്തിയ തലച്ചോറിന്റെ സി.ടി. ആൻജിയോഗ്രാം പരിശോധനയില്‍ ശ്വാസകോശവും ഹൃദയവുമൊക്കെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രധാന ഭാഗമായ പോണ്‍സിലാണ് സ്ട്രോക്ക് കാര്യമായി ബാധിച്ചതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യൂറോ മെഡിസിൻ വിഭാഗം വീണ്ടും പരിശോധിച്ച് ചികിത്സ തുടർന്നെങ്കിലും ബുധൻ രാവിലെ അഞ്ചോടെ ആരോഗ്യനില വഷളായി രോഗി മരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗിയെ ആശുപത്രിയിലെത്തിച്ച ദിവസം വർക്ക് ഷോപ്പുടമ രോഗിക്ക് ചികിത്സ ലഭിക്കുന്നില്ലെന്നാരോപിച്ച് ബഹളമുണ്ടാക്കുകയും ജൂനിയർ ഡോക്ടർമാരോട് തട്ടിക്കയറുകയും ചെയ്തത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തില്‍ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതിനിടയില്‍ വിദേശത്തായിരുന്ന ശ്രീഹരിയുടെ ഭാര്യ ആശുപത്രിയിലെത്തി ചികിത്സയില്‍ തൃപ്തിയറിയിച്ചതോടെ വർക്ക് ഷോപ്പുടമ പിൻവാങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ശ്രീഹരി കൂട്ടിരിപ്പുകാരില്ലാതെയാണ് ആശുപത്രിയില്‍ കഴിഞ്ഞത്. ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമാണ് രോഗിയ്ക്ക് പരിചരണവുമായി ഒപ്പമുണ്ടായിരുന്നത്.