ഒരു പരിചയവും ഇല്ലാത്ത കുഞ്ഞിന് കരൾ പകുത്തു നൽകി : ഒടുവിൽ ഭർത്താവും ഉപേക്ഷിച്ചു; ജീവിതം വഴിമുട്ടി ആശാവർക്കർ

തിരുവനന്തപുരം: ‘ആ കുഞ്ഞിനെ കണ്ടപ്പോള്‍ സഹിക്കാനായില്ല. രക്ഷിക്കാൻ കരള്‍ ദാനം ചെയ്തു. അതുകാരണം ഭർത്താവും മക്കളും ഉപേക്ഷിച്ചു.വീടില്ലാതായി. ജീവിതം വഴിമുട്ടി. എങ്കിലും സങ്കടമില്ല. ഞാൻ ചെയ്തത് വലിയ പുണ്യമാണ്. ആ കുഞ്ഞ് ഇപ്പോഴും ആരോഗ്യത്തോടെയുണ്ടല്ലോ…’ കണ്ണീർ തുടച്ച്‌ പൂജപ്പുര തമലം സ്വദേശി ശ്രീരഞ്ജിനി (47) പറഞ്ഞു.

Advertisements

ഒൻപത് വർഷം മുൻപ് ആശാവർക്കറായിരിക്കെ അങ്കണവാടിയില്‍ തുള്ളിമരുന്ന് നല്‍കാൻ പോയതാണ്. പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് അമ്മയുടെ മടിയിലിരുന്ന് മുലപ്പാല്‍ പോലും ഇറക്കാനാവാതെ കരയുന്നു. കുഞ്ഞിന്റെ അമ്മ ദൈന്യാവസ്ഥ പറഞ്ഞു. കടുത്ത കരള്‍ രോഗമാണ്. മാറ്റിവച്ചാലേ രക്ഷപ്പെടൂ. അവള്‍ക്ക് സൗജന്യമായി കരള്‍ പകുത്ത് നല്‍കാൻ ശ്രീരഞ്ജിനി അവിടെവച്ച്‌ തീരുമാനമെടുത്തു. പക്ഷേ, സ്വന്തം കുടുംബം എതിർത്തു. ഇറക്കിവിടുമെന്ന് ഭീഷണി. എങ്കിലും ഉറച്ചു നിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പുറത്തുവന്നപ്പോള്‍ അപരിചിതർ ചേർത്തുപിടിച്ചെങ്കിലും ഭർത്താവും ആണ്‍മക്കളും തിരിഞ്ഞുനോക്കിയില്ല. പിന്നീട് സ്വന്തം കൂര വിട്ട് വട്ടിയൂർക്കാവിലെ വാടകവീട്ടിലേക്ക് മാറി. ഒപ്പം നിന്നവരും പിന്നെപ്പിന്നെ അന്വേഷിക്കാതായി.

കൂലിപ്പണി ചെയ്തു. മരച്ചീനി കച്ചവടം നടത്തി. ഇതിനിടെ വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ താത്ക്കാലിക അറ്റൻഡറുടെ ജോലി കിട്ടി. 10,000 രൂപയാണ് വേതനം. ഇത് വീട്ടുവാടകയ്ക്കും ഭക്ഷണത്തിനും മരുന്നിനും തികയുന്നില്ല. ലൈഫില്‍ അനുവദിച്ചുകിട്ടിയ വീട് ബേസ്മെന്റില്‍ കിടക്കുന്നു. വട്ടിയൂർക്കാവില്‍ മൂന്ന് സെന്റ് വാങ്ങിയത് ലൈഫ് ഗഡുവും ബാങ്ക് ലോണും രണ്ടു ലക്ഷം രൂപ കടമെടുത്തുമാണ്. ഒരുവർഷം മുൻപ് നിർമ്മിച്ച ബേസ്മെന്റില്‍ ഒരാള്‍ പൊക്കത്തില്‍ കാടുവളർന്നിരിക്കുകയാണ്.

അഹങ്കാരം കൊണ്ടാണ് ഈ ഗതി വന്നതെന്ന് പറയുന്നവരുണ്ടെന്ന് ശ്രീരഞ്ജിനി പറയുന്നു. ആ‌രുടെ ആയുസിനും ഉറപ്പില്ലെന്ന് അവർ ഓർക്കുന്നില്ലല്ലോ. പട്ടിണി കിടക്കുന്ന ദിവസങ്ങളുണ്ട്. വീടെങ്കിലും പൂർത്തിയാക്കാനായെങ്കിലെന്നും ശ്രീരഞ്ജിനി ആഗ്രഹിക്കുന്നു.

Hot Topics

Related Articles