കോട്ടയം: കുടയംപടി ഗ്രാൻ്റ് ബാറിനുള്ളിൽ യുവാക്കളുമായി വാക്ക് തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുടയംപടി ഗ്രാൻ്റ് ബാർ ജീവനക്കാരായ ഇടുക്കി, കരുണാപുരം കൊച്ചുപ്ലാമൂട് ഭാഗത്ത് കാനത്തിൽ വീട്ടിൽ കെ.ആർ രാഹുൽ (36), ആലപ്പുഴ വെളിയനാട് ഭാഗത്ത് മാവേലിൽ വീട്ടിൽ രതീഷ് എം.പി (40), കൂരോപ്പട ളാക്കാട്ടൂർ അച്ഛൻപടി ഭാഗത്ത് പടിഞ്ഞാറേക്കുറ്റ് വീട്ടിൽ ബോബി ജേക്കബ്(41) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 10:30 മണിയോടുകൂടി അയ്മനം സ്വദേശിയായ യുവാവും, സുഹൃത്തുക്കളും കുടയംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിൽ മദ്യപിക്കാൻ എത്തുകയും, ഇവിടെവച്ച് ബാറിലെ ഗ്ലാസ് ഇവർ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് ജീവനക്കാർ ഇവരെ ബിയർ കുപ്പികളും, മറ്റും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇതിൽ അയ്മനം സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ റിൻസ്.എം.തോമസ്, എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ മാരായ ദിലീപ് വർമ, രഞ്ജിത്ത്.ജി, രതീഷ് കെ.എൻ, രവീഷ് കെ. എസ്, സലമോന്, രാജീവ്കുമാർ കെ.എൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.