ഈരാറ്റുപേട്ട : മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ലൂക്ക എന്ന് വിളിക്കുന്ന ഷെഫീഖ് (36), അരുവിത്തുറ മറ്റക്കാട് അരയത്തിനാൽ കോളനി ഭാഗത്ത് കണിയാംപള്ളിൽ വീട്ടിൽ പീറ്റർ എന്ന് വിളിക്കുന്ന ഫസിൽ കെ.വൈ (19) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പതിനഞ്ചാം തീയതി വെളുപ്പിനെ നാലുമണിയോടുകൂടി ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് കടയുടെ സമീപം മോട്ടോർസൈക്കിളിൽ എത്തി കടയുടെ പൂട്ട് കുത്തിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. തുടർന്ന് ഇവർ കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്റ്റീൽ മേശയും, മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും , ചെക്ക് ബുക്ക്, ആധാർ കാര്‍ഡ്, വികലാംഗ സർട്ടിഫിക്കറ്റ്, പാസ്ബുക്ക് എന്നിവ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി ഇവരെ പിടികൂടുകയുമായിരുന്നു. ഷെഫീക്കിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ഷമീർ ബി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.