തിരുവനന്തപുരം: കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സി.എ.ജി. കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഈ വിഷയത്തില്‍ നേരത്തെ മറുപടി പറഞ്ഞതാണ്. കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോള്‍ കുറച്ച് കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നു എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ‘സി.എ.ജി. റിപ്പോർട്ട് ഞാൻ കണ്ടിട്ടില്ല. പക്ഷേ, നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുമ്ബാകെ പ്രതിപക്ഷം പരാതി സമർപ്പിച്ചപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി പറഞ്ഞു. പി.പി.ഇ. കിറ്റിന് ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പി.പി.ഇ. കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങിനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങള്‍ മറന്നുപോവില്ല.നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പി.പി.ഇ. കിറ്റിന്. ഒരു കമ്ബനിയുടെ കൈയിലേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50000 കിറ്റുകള്‍ക്ക് ഓർഡർ നല്‍കിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓർഡർ സമർപ്പിച്ചത്. സി.എ.ജി. റിപ്പോർട്ട് കാണാതെ അതേക്കുറിച്ച് ഞാൻ ഒന്നും പറയില്ല. വിഷയത്തില്‍ സർക്കാർ മറുപടി പറയും’, കെ.കെ. ശൈലജ പറഞ്ഞു. പി.പി.ഇ. കിറ്റ് ഇടപാടില്‍ 10.23 കോടി രൂപ സർക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സി.എ.ജി. റിപ്പോർട്ടില്‍ പറയുന്നത്. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പി.പി.ഇ കിറ്റ് വാങ്ങിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടില്‍ നിന്ന് വ്യക്തമാണ്.