കോട്ടയം : കോട്ടയം പനച്ചിക്കാട് നെല്ലിക്കലിൽ വീട്ടിലെത്തിയ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ക്രൂരമായ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭാര്യയും ഭർത്താവും മകനും അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം വലിയവീട്ടിൽ കരോട്ട് വീട്ടിൽ സുഭാഷ് (49), ഭാര്യ ശോഭാകുമാരി എസ് (48) , മകൻ സൗരവ് സുഭാഷ് എന്നിവരെ ആണ് ചിങ്ങവനം എസ് എച്ച് ഒ ഇൻസ്പെക്ടർ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പരുത്തുംപാറ കുഴിമറ്റം ചാത്തൻമേൽ പൂവത്ത് വീട്ടിൽ അജീഷ് മോഹനെ (35) യാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജീഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തർക്കം പരിഹരിക്കാമെന്ന് പറഞ്ഞു വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം അജീഷിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു. പണം സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.