ചിങ്ങവനം: 75 വയസുള്ള വയോധികനെ വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചയാളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. മൂലംകുളം കുന്നുതറ വീട്ടിൽ സ്കറിയ (കൊച്ചായൻ) യെയാണ് ആക്രമിച്ചത്. മാർച്ച് 29 ശനിയാഴ്ച രാവിലെ 11.30 നാണ് കുത്തേൽക്കുന്നത് . സ്കറിയായെ ആക്രമിച്ച കുഴിമറ്റം നീലഞ്ചിറ സ്വദേശി ചാങ്ങാടത്തിൽ ഷാജി മാത്യു (മാത്തൻ ഷാജി – 54) വിനെ സംഭവ സ്ഥലത്തു വച്ചു തന്നെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
കുത്താനുപയോഗിച്ച തടിമില്ലിൽ ഉപയോഗിക്കുന്ന ഇരുമ്പു വാൾ കൊണ്ടുള്ള ആയുധം പ്രതിയുടെ കൈയിൽ നിന്നും പോലീസ് പിടികൂടി . ഹൃദയ സംബന്ധമായ രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കഴിഞ്ഞയാളായ സ്കറിയയും ഭാര്യയും മരുമകളും കൊച്ചുമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് . വീട്ടിലെത്തിയ പ്രതി സ്കറിയായെ വിളിച്ചിറക്കി വീട്ടുമുറ്റത്ത് വച്ച് അകാരണമായി ആക്രമിക്കുകയായിരുന്നു . ഏഴു വയസും പത്ത് വയസുമുള്ള കൊച്ചുമക്കൾ പേടിച്ച് നിലവിളിക്കുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരമറിഞ്ഞ് വീട്ടിലെത്തിയ മകൻ ബിനോ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു . സ്കറിയയെ ബന്ധുക്കൾ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ഇപ്പോൾ പൊൻകുന്നം സബ് ജയിലിലാണ്.