പള്ളിക്കത്തോട്: സ്ഫോടക വസ്തുക്കളായ ഇലക്ട്രിക് ഡിറ്റനേറ്ററും, തിരിയുമായി തേനി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തേനി ആണ്ടിപ്പെട്ടി സ്വദേശിയായ സുരേന്ദ്രൻ മുത്തയ്യ (52) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം സ്ഫോടക വസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശിയായ ഷിബിലിയേയും,തീക്കോയി സ്വദേശിയായ ഫൈസിയെയും ഇടുക്കി വണ്ടൻമേട് പോലീസ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരം ഇടുക്കി ജില്ലാ പോലീസ് മേധാവി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് കൈമാറുകയും, കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് പള്ളിക്കത്തോട് പോലീസ് സുരേന്ദ്രൻ മുത്തയ്യ വാഴൂർ കാപ്പുകാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി ഇവിടെ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു ഇനത്തിൽപ്പെട്ട 75 ഇലക്ട്രിക് ഡിറ്റനേറ്ററുകളും, 20 മീറ്റർ തിരിയും പിടികൂടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ഷാജി പി.എൻ, എ.എസ്.ഐ മാരായ റെജി ജോൺ, ജയരാജ്, സി.പി.ഓ മാരായ രതീഷ്, രാഹുൽ, ശാന്തി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.