കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും, എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത് ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ കാലേബ്.എസ് (23), ഇയാളുടെ സഹോദരനായ ജോഷ്വാ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ പുതുപ്പള്ളി കൈതപ്പാലം ഭാഗത്തുള്ള ബാറിന് സമീപം വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇതിനുശേഷം ഇവർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനവും, സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മും അടിച്ചുതകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഈസ്റ്റ് പോലീസ് നടത്തിയ ശക്തമായ തിരച്ചിലിൽ ഇരുവരെയും വിവിധ സ്ഥലങ്ങളിൽനിന്നായി സാഹസികമായി പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ പ്രവീൺ പ്രകാശ്, മനോജ് കുമാർ കെ.എസ്, മനോജ് കുമാർ.ബി, എ.എസ്. ഐ പ്രദീപ്കുമാർ, സി.പി.ഓ മാരായ ലിബു ചെറിയാൻ, അനിക്കുട്ടൻ, കഹാർ, അജേഷ് ജോസഫ്, വിവേക്, ധനേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാലേബ് ഈസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ജോഷ്വാക്ക് ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.