പുളിക്കൽ കവല: സ്നേഹമുണ്ടെങ്കിൽ അസാധ്യമായതിനെ സാധ്യമാക്കുവാൻ കഴിയും എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ. പരസ്പരം കരുതുകയും സഹായിക്കുകയും ചെയ്യുന്നിടത്ത് സ്നേഹത്തിന്റെ ആത്മാവ് പ്രവർത്തിക്കുമെന്ന് ബാവ പറഞ്ഞു. വാഴൂർ പള്ളി സ്ഥാപകനായ ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാർ സ്മാരകമായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കാതോലിക്ക ബാവ. ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാർ നൂറ്റാണ്ടുകൾക്ക് മുമ്പ് സഭയുടെ പ്രതിസന്ധിഘട്ടത്തിൽ സഭയ്ക്ക് കരുത്തായി നിന്ന ആചാര്യ ശ്രേഷ്ഠനായിരുന്നു എന്നും, പുത്രനായ സ്കറിയ മൽപ്പാൻ കത്തനാർ സഭയുടെ സമാധാന ശ്രമങ്ങൾക്ക് പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയോടൊപ്പം പ്രവർത്തിച്ച വൈദികനായിരുന്നു എന്നും കാതോലിക്കാ ബാവ പറഞ്ഞു.
കൂദാശയ്ക്ക് മാടാം കുന്നേൽ എം. കെ. ഫിലിപ്പ് കോർ എപ്പിസ്കോപ്പ, ഫാ.ബിറ്റു കെ മാണി, ഫാ. മർക്കോസ് മർക്കോസ്, ഫാ. ജേക്കബ് ഫിലിപ്പോസ്, ഫാ. ജോമോൻ ചെറിയാൻ എന്നിവർ സഹകാർമികത്വം വഹിച്ചു. സൺഡേ സ്കൂൾ പഠന കേന്ദ്ര നിർമ്മാണത്തിന് പൂർവ്വ വിദ്യാർത്ഥി കൂടി ആയിരുന്ന പരിശുദ്ധ കാതോലിക്ക ബാവ ആദ്യ സംഭാവന നൽകിയത് പ്രത്യേകം പ്രസ്താവിതമായി. നിർമ്മാണത്തിന് നേതൃത്വം നൽകിയവരെ സമ്മേളനത്തിൽ പരിശുദ്ധ ബാവ ആദരിച്ചു. ചടങ്ങുകൾക്ക് വികാരി ഫാ. അലക്സ് തോമസ്, സഹവികാരി ഫാ. ജോൺസ്കറിയ, ട്രസ്റ്റി എം.എ. അന്ത്രയോസ്, സെക്രട്ടറി രാജൻ ഐസക് എന്നിവർ നേതൃത്വം നൽകി.