ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർ ചലനങ്ങളും; കോട്ടയത്തെ സിനിമാക്കാരനായ എംഎൽഎയും ‘വെളിപ്പെടുത്തൽ’ ഭീഷണിയിൽ; മുകേഷ് രാജിവച്ചാൽ സിനിമാക്കാരൻ എംഎൽഎയും കുടുങ്ങുമോ എന്ന ചോദ്യം സജീവം

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർ ചലനങ്ങളും കേരളത്തിലെ സിനിമാ മേഖലയെ പിടിച്ചു കുലുക്കുമ്പോൾ കോട്ടയത്തെ സിനിമാക്കാരനായ പ്രതിപക്ഷ എംഎൽഎയും ഭീഷണിയിൽ. മുകേഷിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ മുകേഷ് രാജി വച്ചാൽ, ഈ എംഎൽഎയും രാജി വയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഉയരുന്നത്. കോട്ടയത്ത് വർഷങ്ങളോളം മത്സരിച്ചു പരാജയപ്പെട്ട് ഒടുവിൽ എംഎൽഎ ആയ ഇദ്ദേഹം സിനിമാ മേഖലയിൽ ഒരു കാലത്ത് സജീവമായിരുന്നു. സിനിമയുടെ എല്ലാ മേഖലകളിലും ഇദ്ദേഹം കൈവച്ചതോടെ നിർണ്ണായകമായ ശക്തിയായി ഇദ്ദേഹം മാറുകയും ചെയ്തു. ഇതിനിടെ ഇദ്ദേഹത്തിന് എതിരെ അടക്കം പറഞ്ഞ കഥകൾ പലതും അന്നത്തെ പാണന്മാർ പാടി നടന്നതുമാണ്. അന്ന് സോഷ്യൽ മീഡിയയും ചാനലുകളുമില്ലാതിരുന്നതിനാൽ ചർച്ചകൾക്ക് അധികം കനമുണ്ടായിരുന്നില്ലെന്നുമാത്രം. എന്നാൽ, സിനിമാ മേഖലയിൽ ഇപ്പോൾ പ്രചരിക്കുന്ന കഥകളിലെ നായകനാകാൻ മാത്രം കഴിവും കാര്യ ശേഷിയും ഈ എംഎൽഎയ്ക്ക് അന്നുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിനൊപ്പം അന്ന് രാഷ്ട്രീയത്തിലും സിനിമയിലും തിളങ്ങി നിന്നവർ വെളിപ്പെടുത്തുന്നത്. സിനിമാ സെറ്റുകളിൽ ഇപ്പോഴുള്ളത് പോലെ കമ്മിറ്റിയോ, അന്വേഷണമോ ഉണ്ടായിരുന്നുവെങ്കിൽ ഇദ്ദേഹത്തിന്റെ പല കഥകളും പുറത്തായേനെ എന്ന് അടുപ്പമുള്ളവർ രഹസ്യമായി തന്നെ പറയുന്നു. ഏതായാലും വർഷങ്ങൾക്കു മുൻപുള്ള പല കഥകളും ഇപ്പോൾ പുറത്ത് വന്നതോടെ ഇനിയും ഈ സിനിമാക്കാരനായ എംഎൽഎയെ കുടുക്കുന്ന തെളിവുകൾ പുറത്ത് വരുമോ എന്ന ആശങ്കയാണ് ഇദ്ദേഹത്തോട് ചേർന്നു നിൽക്കുന്നവർക്കുള്ളത്. ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുള്ള വെളിപ്പെടുത്തലുണ്ടായാൽ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന ചർച്ചയും ഇതിനോടകം തന്നെ ഈ കോക്കസ് ഗ്രൂപ്പിലും സജീവമായിട്ടുണ്ട്. സാമ്പത്തികക്കേസ് അടക്കമുള്ള നിരവധിക്കേസുകളുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു കേസ് ഉണ്ടായാലുണ്ടാകാവുന്ന പ്രത്യാഘാതം എന്താണ് എന്ന് കൃത്യമായി ഇദ്ദേഹത്തിന്റെ പാർട്ടിയും മുന്നണിയും ചർച്ച ചെയ്തിട്ടുണ്ട്. നിലവിൽ പ്രതിരോധത്തിലായ എതിർ മുന്നണിയ്ക്ക് ഇദ്ദേഹത്തിന് എതിരായി ഒരു കേസ് ലഭിച്ചാൽ ഇത് പുതിയ കരുത്തായി മാറുമെന്നും ഇദ്ദേഹത്തോട് ചേർന്നു നിൽക്കുന്നവർ കരുതുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.