കോട്ടയം : ലോഡ്ജിൽ ഉണ്ടായ തർക്കത്തെ തുടർന്ന് കോട്ടയം കുറവിലങ്ങാട്ട് 19 കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ്. ഒന്നാം പ്രതി കൊല്ലം ജില്ലയില്‍ കൊട്ടാരക്കര മാങ്കോട് മതുര മുറിയില്‍ ജയ ഭവനില്‍ ജയകൃഷ്ണൻ , രണ്ടാം പ്രതി എറണാകുളം പറവൂര്‍ അലുവാശ്ശേരി കരയില്‍ ലതാഭവന്‍ മധുസൂദനന്‍നായർ എന്നിവരെയാണ് പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. അനില്‍ കുമാര്‍ ശിക്ഷിച്ചത്. 2014 ആഗസ്റ്റ് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. കുറവിലങ്ങാട് അമ്മവീട് എന്ന സ്ഥാപനത്തിനുള്ളിലുണ്ടായ തർക്കത്തിന് ഒടുവിൽ അമ്പലപ്പുഴ ആര്യാട്തെക്ക് തുമ്പോളി വാലയില്‍ വീട്ടില്‍ മിഥുനെ (19) പ്രതികൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കേസിലെ ഒന്നാം പ്രതിയ്ക്ക് ഇന്ത്യൻ ശിക്ഷാനിയമം 302, 34-ാം വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കും ആണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷംകഠിനതടവിനും ഇന്ത്യന്‍ ശിക്ഷാ 294 (ബി) വകുപ്പു പ്രകാരം ഒരുമാസം കഠിനതടവിനും ഇന്ത്യന്‍ ശിക്ഷാ 323 വകുപ്പു പ്രകാരം മൂന്നുമാസം കഠിനതടവിനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
ഈവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിലെ ജോലിക്കാര്‍ക്ക് താല്ക്കാലിക താമസത്തിന് നല്‍കിയിരുന്ന കുറവിലങ്ങാടുള്ള അമ്മ വീട് എന്ന സ്ഥാപനത്തിൽ വച്ചാണ് സംഘർഷം ഉണ്ടായത്. സംഭവ ദിവസം രാത്രി 8.45 ന് പ്രതികള്‍ ഒത്തുചേര്‍ന്ന് ഒന്നാം പ്രതി കയ്യില്‍ കരുതിവച്ചിരുന്ന മടക്ക് കത്തി എടുത്തു നിവര്‍ത്തി മരണപ്പെട്ട മിഥുന്‍റെ നെഞ്ചില്‍ കുത്തുകയും കൂടെയുണ്ടായിരുന്നവരെ ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. കുത്തേറ്റ മിഥുനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുംവഴി കൊല്ലപ്പെട്ടു. പ്രതികള്‍ക്കെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി മാത്യുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജെയ്മോന്‍ ജോസ് പരിപ്പീറ്റത്തോട്ട് ഹാജരായി.