തിരുവനന്തപുരം: ബ്ലാക്ക് മെയിലിങ്ങിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈൻ ന്യൂസ് പോർട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ കേരള പൊലീസ് നടപടി തുടങ്ങി. കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ ( കോണ്‍ഫെഡറേഷൻ ഓഫ് ഓണ്‍ലൈൻ മീഡിയ ഇന്ത്യ) ഭാരവാഹികള്‍ ഇതു സംബന്ധിച്ചു നല്കിയ പരാതിയിലാണ് അന്വേഷണം.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമാണ് ദക്ഷിണ – ഉത്തരമേഖല ഐ.ജിമാർക്ക് ഇതുസംബന്ധമായ നിർദ്ദേശം നല്‍കിയിരിക്കുന്നത്. വളരെ ഗുരുതരമായ കാര്യങ്ങളാണ് മുഖ്യമന്ത്രിക്കും, ഡി.ജിപിക്കും എ.ഡി.ജി.പിക്കും നല്കിയ പരാതിയില്‍ കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും സെക്രട്ടറി കെ.കെ ശ്രീജിത്തും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓണ്‍ലൈൻ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവില്‍ മാധ്യമപ്രവർത്തനമെന്ന പേരില്‍ സംസ്ഥാനത്ത് വ്യാപകമായി ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായികള്‍, ആശുപത്രികള്‍, മത – രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന അനവധി സംഭവങ്ങള്‍ നടക്കുന്നതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മകള്‍ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടുപിടിക്കണം; മരിച്ച പെണ്‍കുട്ടിയുടെ അമ്മ
മാധ്യമപ്രവർത്തന പരിചയവും മീഡിയ പശ്ചാത്തലമോ പോലും ഇല്ലാതെ തട്ടിപ്പുകള്‍ക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല ‘വ്യാജ’ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷൻ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നതെന്നാണ് കോം ഇന്ത്യ നല്കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
ചിലർ വെബ്സൈറ്റുകള്‍ പോലുമില്ലാതെ സോഷ്യല്‍ മീഡിയകളില്‍ തലക്കെട്ടുകള്‍ നല്കി മീഡിയ എന്ന പേരില്‍ സ്ഥാപനങ്ങളെ സമീപിക്കുന്നത് പതിവാണെന്നും പരാതിയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ഇത്തരം മാധ്യമങ്ങളില്പെട്ട ചിലർ ഒത്തുകൂടി ചില അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്റെ പേരിലും കൂട്ടായ പണപ്പിരിവുകള്‍ നടക്കുന്നതായാണ് കോം ഇന്ത്യ ഭാരവാഹികള്‍ പറയുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരം ബ്ലാക്ക് മെയിലിങ്ങിനെതിരെ നിരവധി പരാതികള്‍ വന്ന സാഹചര്യത്തില്‍ അതുകൂടി പരിഗണിച്ചുളള നടപടിയാണ് കോം ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി, ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവർക്ക് നല്‍കിയിരുന്ന പരാതിയില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ വാർത്ത നല്‍കുമെന്ന് പറഞ്ഞു കൊണ്ട് ബിസിനസ്സുകാരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടെ ഭീക്ഷണിപ്പെടുത്തുന്ന സംഭവങ്ങളെ ഗൗരവമായാണ് പൊലീസും നോക്കിക്കാണുന്നത്. പരാതിയുള്ളവർ പൊലീസിനെ നേരിട്ട് സമീപിച്ച് വിവരം നല്കിയാല്, അവരുടെ പേരുള്‍പ്പെടെ രഹസ്യമാക്കി വയ്ക്കുമെന്ന ഉറപ്പും പൊലീസ് നല്‍കിയിട്ടുണ്ട്.
താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവം; തുടരന്വേഷണങ്ങള്‍ക്കായി പൊലീസ് മുംബൈയിലേക്ക്
ഇത്തരം ബ്ലാക്ക് മെയിലിങ് നടത്തുന്നവർക്ക് എതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ അവരുടെ ന്യൂസ് പോർട്ടലുകള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്ക്കുമെതിരെയും നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കമെന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ യൂട്യൂബ്, ഫെയ്സ് ബുക്ക്, എക്സ്, ഗൂഗിള്‍ അധികൃതരുമായി ചേർന്ന് യോജിച്ച നടപടിയുണ്ടാകും.
കേരളത്തില്‍ പി ആർ ഡി നിശ്ചയിച്ചിട്ടുള്ള മിനിമം വായനക്കാരുള്ള എല്ലാ ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്കും സംസ്ഥാന സർക്കാർ പി.ആർ.ഡിയുടെ മീഡിയ ലിസ്റ്റ് വഴി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്പെട്ടവരും ഇത്തരം നിയമവിരുദ്ധ പ്രവർത്തി നടത്തിയിട്ടുണ്ടെങ്കില്‍, പുതിയ സാഹചര്യത്തില്‍ അവർ പി.ആർ.ഡി ലിസ്റ്റില്‍ നിന്നുള്‍പ്പെടെയാണ് പുറത്താകാൻ പോകുന്നത്.