കോട്ടയം: നഗരസഭയിലെ രണ്ടു വർഷത്തെ പെൻഷൻ രേഖകൾ കാണാനില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. പെൻഷൻ ഫണ്ട് തട്ടിപ്പിലൂടെ അഖിൽ സി വർഗീസ് നഗരസഭയുടെ അക്കൗണ്ടിൽ നിന്നും മൂന്നു കോടി രൂപ തട്ടിയെടുത്തതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തു വന്നതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ടു വർഷത്തെ പെൻഷൻ ഇടപാടിന്റെ രേഖകൾ കോട്ടയം നഗരസഭയിലില്ലെന്ന വിവരം പുറത്തു വരുന്നത്. ഇതോടെ എത്ര രൂപയാണ് നഗരസഭയ്ക്ക് നഷ്ടമായത് എന്നു കണ്ടെത്തുന്നതിനായി പെൻഷൻ ട്രാൻസ്ഫർ ചെയ്ത ബാങ്കുകളോട് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ് നഗരസഭ. ഇത്തരത്തിൽ പെൻഷൻ വിവരങ്ങൾ പൂർണമായും ലഭിക്കാത്തതിനാൽ തട്ടിപ്പിന്റെ വിവരം പുറത്ത് വന്നത് പത്തു ദിവസമായിട്ടും എത്ര രൂപ നഷ്ടമായി എന്ന് തിട്ടപ്പെടുത്താൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല.
ആഗസ്റ്റ് ഏഴിനാണ് അക്കൗണ്ട്‌സ് വിഭാഗത്തിലെ ക്ലർക്ക് നടത്തിയ പരിശോധനയിൽ, വൈക്കം നഗരസഭയിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ അഖിൽ സി.വർഗീസ് സ്വന്തം അമ്മയുടെ അക്കൗണ്ടിലേയ്ക്ക് മാസമാസം മൂന്നു ലക്ഷത്തോളം രൂപ വീതം നാലു വർഷം കൊണ്ട് മൂന്നു കോടി രൂപ വകമാറ്റിയതായി കണ്ടെത്തിയത്. തുടർന്ന്, കോട്ടയം നഗരസഭയിലെ സെക്രട്ടറി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ഇതു സംബന്ധിച്ചു പരാതി നൽകി. തുടർന്ന്, വെസ്റ്റ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം പ്രാഥമിക അന്വേഷണം നടത്തി. ഇതിന് ശേഷം കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സംഘം കഴിഞ്ഞ ദിവസം കോട്ടയം നഗരസഭയിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ, തട്ടിപ്പിന്റെ പൂർണ വിവരം ഇവർക്കും നൽകാൻ നഗരസഭ അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതിനിടെയാണ് നഗരസഭ ആഭ്യന്തര അന്വേഷണം വിഷയത്തിൽ പ്രഖ്യാപിച്ചത്. ഇതോടെയാണ് നഗരസഭയുടെ പക്കൽ പെൻഷൻ ഫണ്ടിന്റെ രണ്ടു വർഷത്തെ രേഖകൾ ഇല്ല എന്നു വ്യക്തമായത്. തട്ടിപ്പ് പുറത്തായ ശേഷമാണോ ഈ രേഖകൾ നഷ്ടമായത് എന്നാണ് ഇനി കണ്ടെത്തേണ്ടത്. കോട്ടയം നഗരസഭ അഖിലിന്റെ ത്ട്ടിപ്പ് കണ്ടെത്തിയ ശേഷമാണ് ഈ രേഖകൾ നഷ്ടമായത് എങ്കിൽ അഖിലിന്റെ കൂട്ടാളികൾ ഇപ്പോഴും കോട്ടയം നഗരസഭയിൽ ഉണ്ട് എന്നതിന്റെ സൂചനയാണ് ഇത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നഗരസഭയിലെ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വരുമെന്ന് ഉറപ്പായി.