കോട്ടയം : കോട്ടയം നഗരസഭയിലെ 3 കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാർശ. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സംസ്ഥാന സർക്കാറിന് നൽകിയ റിപ്പോർട്ടിലാണ് കോട്ടയം നഗരസഭാ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ഉള്ളത്. കോട്ടയം നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതായും , മേൽനോട്ട വീഴ്ച ഉണ്ടായതായും തദ്ദേശ സ്വയംഭരണ വകുപ്പ് ആഭ്യന്തര ഓഡിറ്റ് വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാർശ ഉണ്ടായിരിക്കുന്നത്. നഗരസഭാ സെക്രട്ടറി അടക്കം 2020 മുതൽ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടറുടെ റിപ്പോർട്ടിൽ പരാമർശം ഉണ്ട്. ഇവർക്ക് എല്ലാവർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ഏഴിനാണ് കോട്ടയം നഗരസഭയിലെ 3 കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് ജാഗ്രത ന്യൂസ് ലൈവ് പുറത്തുകൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിൽ പ്രാഥമിക പരിശോധനയിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയതോടെയാണ് നഗരസഭയിലെ അക്കൗണ്ട് വിഭാഗം കൈകാര്യം ചെയ്തിരുന്ന ശ്യാം , ബിന്ദു, സന്തോഷ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരായ നടപടി കൂടി ആരംഭിച്ചിരിക്കുന്നത്.