തീരദേശ പാതയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് അമ്പലപ്പുഴ. തിരുവനന്തപുരം മുതലുള്ള ഇരട്ടപ്പാത ജോലികൾ നിലവിൽ അമ്പലപ്പുഴ വരെ എത്തിനിൽക്കുകയാണ്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടും യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കടുത്ത ദുരിതം പേറിയാണ് അമ്പലപ്പുഴയിൽ നിന്നും തെക്കോട്ടും വടക്കോട്ടും രാവിലെയും വൈകുന്നേരവും പ്രദേശവാസികളടക്കം നിരവധിപ്പർ ദിവസവും ജോലി ആവശ്യങ്ങൾക്കായ് യാത്ര ചെയ്യുന്നത്.
വിവിധ സ്ഥലങ്ങളിൽ നിന്നും അമ്പലപ്പുഴ ക്ഷേത്രത്തിലേക്കുള്ള നൂറുകണക്കിന് തീർത്ഥാടകരും സ്റ്റേഷനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് വണ്ടാനം ആശുപത്രി, വിവിധ സ്കൂൾ/കോളേജ് , മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. അമ്പലപ്പുഴ തിരുവല്ല ദേശീയപാത, മറ്റു ഉൾനാടൻ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുട്ടനാട്, ചമ്പക്കുളം എന്നീ മേഖലകളെയും ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിൽ അമ്പലപ്പുഴ റെയിൽവേസ്റ്റേഷൻ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് ഉപജീവനമാർഗ്ഗം തേടി ദൈനംദിന യാത്ര ചെയ്യുന്നത് ആയിരങ്ങളാണ്. എന്നാൽ ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രാദേശിക നേതൃത്വമോ, രാഷ്ട്രീയ/ സാമൂഹിക സംഘടനകളോ, ജനപ്രതിനിധികളോ തയ്യാറാകുന്നില്ലെന്നത് ഖേദകരമായ വസ്തുതയാണ്.
തീരദേശപാത വഴി കടന്നു പോകുന്ന 57 ട്രെയിനുകൾ ആലപ്പുഴയിൽ നിർത്തുമ്പോൾ അമ്പലപ്പുഴയിൽ ആകെ 25 ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കോവിഡിന് മുൻപ് ചെന്നൈ എഗ്മോർ – ഗുരുവായൂർ, ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനുകൾക്ക് അമ്പലപ്പുഴയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും സ്റ്റേഷനിൽ ഒരുക്കുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർക്കുണ്ട്. സ്റ്റേഷനിലെ ശുദ്ധജല വിതരണം നിലച്ചിട്ട് ഏകദേശം ഒരു വർഷത്തിന് മുകളിലായിരിക്കുന്നു. അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ സ്റ്റേഷനുകളിൽ എസ്കലേറ്റർ/ലിഫ്റ്റ് സംവിധാനങ്ങൾ തകൃതിയായി ഒരുങ്ങുമ്പോൾ അമ്പലപ്പുഴയിൽ കാര്യമായ മാറ്റം ഒന്നുമുണ്ടായിട്ടില്ല.
പുലർച്ചെ 06.00 ന് അമ്പലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ഏറനാട് മാത്രമാണ് എറണാകുളം ഭാഗത്തേയ്ക്ക് ജോലിയ്ക്കും മറ്റു ആവശ്യങ്ങൾക്കും ഇവിടുത്തെ യാത്രക്കാർ ആശ്രയിക്കുന്നത്. ഇതുമൂലം സ്ത്രീകളടക്കം വളരെ നേരെത്തെ വീടുകളിൽ നിന്ന് പുറപ്പെടേണ്ട സാഹചര്യമാണ്. രാവിലെ 10.00 ന് മുമ്പായി എറണാകുളം എത്തിച്ചേരുന്ന മറ്റു ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഇല്ലാത്തതാണ് അമ്പലപ്പുഴയിലെ യാത്രാക്ലേശം രൂക്ഷമാക്കുന്നത്.
ദേശീയപാതയുടെ ജോലികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ട്രെയിൻ യാത്രികരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കൊച്ചിയിലെ ടെക്സ്റ്റൈൽ മേഖലയിലും മറ്റും തുച്ചമായ ശമ്പളത്തിൽ ജോലിചെയ്യുന്ന സ്ഥിര യാത്രക്കാർക്ക് മറ്റു ബദൽ മാർഗ്ഗങ്ങളില്ല. അതുകൊണ്ട് പലപ്പോഴും അമ്പലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലുമു ള്ള സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ളവർ ഇരുചക്രവാഹനങ്ങളിലും, ബസ്സിലും, മറ്റുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തി രാവിലെ 7.25 ൻ്റെ ആലപ്പുഴ – എറണാകുളം മെമുവിൽ യാത്ര ചെയ്യാൻ നിർബന്ധിതരായിരിക്കുയാണ്. നിയന്ത്രണാതീതമായ തിരക്കാണ് നിലവിൽ ആലപ്പുഴ എറണാകുളം മെവുവിൽ അനുഭവപ്പെടുന്നുമുണ്ട്. ജീവൻ പോലും അപായപ്പെടുന്ന വിധം വാതിൽപടിയിൽ തൂങ്ങിയാണ് ഓരോ ദിവസവും തീരദേശ റെയിൽ യാത്രികർ എറണാകുളമെത്തുന്നത്. .
എന്നാൽ ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്ന മൺസൂൺ സമയക്രമം പ്രകാരം തിരുവനന്തപുരം നോർത്തിൽ നിന്നും പുലർച്ചെ 04.45 ന് സമ്പർക്ക ക്രാന്തി (12217) തിങ്കൾ ശനി ദിവസങ്ങളിൽ, അമൃത്സർ (12483) ബുധൻ, യോഗ് നാഗരിക് ഹൃഷികേശ് (22659) വെള്ളിദിവസങ്ങളിൽ തീരദേശ പാതവഴി എറണാകുളം ഭാഗത്തേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. രാവിലെ 09.35ന് എറണാകുളം സൗത്തിലെത്തുന്ന ഈ സർവീസുകൾക്ക് തീരദേശ പാതയിൽ ഓടിയെത്താൻ ഇരട്ടിയിലേറെ സമയമാണ് നൽകിയിരിക്കുന്നത്. മൺസൂൺ കാലയളവിൽ ഈ ട്രെയിനുകൾ അമ്പലപ്പുഴ,സ്റ്റേഷനിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവധിച്ചാൽ തീരദേശ പാതയിലെ ദുരിതങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസമാകും. ഒരു മണിക്കൂറിലേറെ സമയം വിവിധ സ്റ്റേഷനിൽ ക്രോസ്സിങ്ങിനായി പിടിച്ചിടുമ്പോൾ ആർക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. എന്നാൽ തീരദേശ പാതയിലെ ട്രെയിനുകളുടെ ദൗർലഭ്യം കണക്കിലെടുത്ത് അമ്പലപ്പുഴയിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചാൽ ഒരുപാട് യാത്രക്കാർക്ക് അത് അനുഗ്രഹമായി മാറുന്നതാണ്. ആവശ്യത്തിലേറെ ബഫർ സമയം ഉള്ളതിനാൽ ഷെഡ്യൂളിൽ യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യവും വരുന്നുമില്ല.
ആലപ്പുഴ എറണാകുളം മെമുവിൻ്റെ തിരക്ക് ഒരു പരിധിവരെ കുറക്കാനും ഈ ട്രെയിനുകൾക്ക് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ സാധ്യമാകും. ബഹുമാനപ്പെട്ട ആലപ്പുഴ എം പി ശ കെ സി വേണുഗോപാലിന്റെ പരിശ്രമഫലമായി രാവിലെ ആലപ്പുഴയിൽ നിന്നും എറണാകുളത്തേയ്ക്കുള്ള മെമുവിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ അമ്പലപ്പുഴക്കാരുടെ ദുരിതങ്ങൾ അപ്പോഴും മാറ്റമില്ലാതെ തുടരും. “ആലപ്പുഴ എറണാകുളം” മെമു 16 കാർ ആക്കുന്നതോടൊപ്പം ലഭ്യമാകുന്ന അധിക റേക്കുകൾ ഉപയോഗപ്പെടുത്തി രാവിലെ കായംകുളം- ആലപ്പുഴ സർവീസ് പരിഗണിച്ചാൽ തീരദേശ പാതയിലെ എല്ലാ സ്റ്റേഷനിലെ യാത്രക്കാർക്കും അതിന്റെ ഗുണം ലഭിക്കുന്നതാണ്.
അതുപോലെതന്നെ അമ്പലപ്പുഴ സ്റ്റേഷനിലെ യാത്രക്കാരുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് 12075/76 ജനശതാബ്ദി എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത്. ദിനംപ്രതി വർധിച്ചുവരുന്ന തിരക്കുകൾ പരിഗണിച്ച് ജനശതാബ്ദിയുടെ സ്റ്റോപ്പും അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമാണ്.
പുതിയ ട്രെയിനുകൾ അനുവധിക്കുന്നതിനുള്ള കാലതാമസവും സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്നതുവരെ മൺസൂൺ സമയക്രമത്തിൽ രാവിലെ സർവീസ് നടത്തുന്ന 12217, 12483, 22659 വീക്കിലി /ബൈവീക്കിലി ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പെങ്കിലും പരിഗണിക്കുന്നതിന് ഡിവിഷൻ അധികൃതർ തയ്യറാകണം. അതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക നേതാക്കളും കൈകോർക്കണം. താത്കാലിക സ്റ്റോപ്പ് ആയതുകൊണ്ട് എം പിയുടെ ഇടപെടൽ ഉണ്ടായാൽ തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സ്റ്റോപ്പ് അനുവദിക്കുന്നതിന് മറ്റു തടസ്സങ്ങളുണ്ടാവില്ല. അമ്പലപ്പുഴ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദുരിതം ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്നും പരിഹാരം കാണുന്നതിനായി എല്ലാവരും മുന്നോട്ട് വരണമെന്നും അഭ്യർത്ഥിക്കുന്നു.