കോട്ടയം : വാഴൂരിന്റെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിൽ കർമ്മനൈരന്തര്യത്തിന്റെ സ്നേഹസാന്നിധ്യമായിരുന്ന പി ടി എബ്രഹാം എന്ന കടവുംഭാഗം ജോയി ഓർമ്മയായിട്ട് 2025 ഫെബ്രുവരി 6 നു കാൽനൂറ്റാണ്ട് തികയുന്നു.ചരമവാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 8 ഞായർ 7.30 നു നെടുമാവ് സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസന മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത ഡോ മാത്യൂസ് മോര് അന്തീമോസ് വി കുര്‍ബ്ബാന അർപ്പിക്കും.
തുടർന്ന് 8.30 നു തിരുമേനിയുടെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ എം ജി യൂണിവേഴ്സിറ്റി മുന്‍ പബ്ലിക്കേഷന്‍ ഡയറക്ടര്‍ കുര്യന് കെ തോമസ് അനുസ്മരണപ്രഭാഷണം നടത്തും. പ്രൊഫ ജോര്‍ജ്ജ് കെ പീറ്റര്‍, ഡോ രാജന് ജോര്‍ജ്ജ് പണിക്കര്‍ എന്നിവര്‍ സംസാരിക്കും. ഫാ. എമില്‍ വര്‍ഗീസ് വേലിയ്ക്കകത്ത്, പ്രസാദ് മറ്റത്തില്‍ എന്നിവര്‍ ചടങ്ങുകൾക്ക് നേതൃത്വംനല്കും.കടവുംഭാഗത്ത് കെ കെ തോമസിന്റെയും ചാച്ചിയമ്മയുടെയും മകനായി 1925 മെയ് 18 നു പി ടി എബ്രഹാം ജനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഴൂർ സെന്റ് ജോർജ് യു പി സ്കൂൾ, പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 30 വയസ്സുവരെ കർഷകനായി കഴിഞ്ഞ അദ്ദേഹം പിന്നീട് എല്ലാവരുടെയും ജോയിച്ചായനായി സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളെയും സജീവ കർമ്മരംഗങ്ങളാക്കി.20 വര്‍ഷം കങ്ങഴ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പറും 11 വര്‍ഷം വൈസ്പ്രസിഡന്റും രണ്ട് പ്രാവശ്യമായി 7 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റുമായി. കങ്ങഴ-വാഴൂര്‍ ദേശത്തെ ബന്ധിപ്പിക്കുന്ന പുളിക്കൽകവല-കാനം റോഡും ഡാണാവുങ്കല്‍പടി-കാനം റോഡും പാലക്കുളം പടിഞ്ഞാറ്റുപകുതി റോഡും വാഴൂര്‍ പള്ളിയിലേക്കുള്ള റോഡും നിരവധി പാലങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമായി.
വാഴൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപക പ്രസിഡൻറ്, വാഴൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡൻറ്), കറുകച്ചാൽ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, കങ്ങഴ എംജിഡിഎം ആശുപത്രി അഡ്വൈസറി ബോർഡ് അംഗം, കടവുംഭാഗം കുടുംബയോഗം പ്രസിഡന്റ്, വാഴൂർ നോവൽറ്റി ക്ലബ്ബ് സജീവാംഗം… ഇങ്ങനെ സാമൂഹിക സേവനരംഗങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു. യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം ഭദ്രാസന ആസ്ഥാനമായ സെന്റ് ജോസഫ്സ് കത്തീഡ്രലിന്റെയും വാഴൂര്‍ നെടുമാവ് സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെയും സ്ഥാപനത്തിനു നേതൃത്വംനല്കി. 2000 ഫെബ്രുവരി 6-ന് 75-ാം വയസ്സിലായിരുന്നു അന്ത്യം.