പാലാ : അനധികൃത മദ്യ വില്പന നടത്തിവരുന്നയാൾ കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശമദ്യ ശേഖരം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. മേവടയിൽ അനധികൃത മദ്യ വില്പന തുടർന്ന് വരുന്ന സ്രാമ്പിക്കൽ രാജീവിനെയാണ് (34) പാലാ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അനധികൃതമായി കാറിൽ കടത്തിയ 18 കുപ്പി വിദേശമദ്യം ഇയാളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെടുത്തു. മദ്യം കടത്തിയ കെ എൽ 03 ക്യു 798 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യാഴം വൈകിട്ട് പാലാ ബൈപ്പാസിൽ എക്സൈസ് സംഘം കൈ കാണിച്ചിട്ട് നിർത്താതെ പോയ കാറിനെ പിന്തുടർന്ന് കൊട്ടാരമറ്റം ഭാഗത്ത് നിന്നാണ് പിടികൂടിയത്. അനധികൃത ചാരായ വില്പന ഉൾപ്പെടെ പാലാ റേഞ്ചിൽ മറ്റ് നാല് കേസുകളിൽ പ്രതിയാണിയാൾ. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം മായ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പ്രിവന്റി ഓഫീസർമാരായ മനു ചെറിയാൻ,തൻസീർ ഇ എ സിവിൽ എക്സൈസ് ഓഫീസർമാരായ ആർ അനന്തു ഹരികൃഷ്ണൻ സുമിത മോൾ ഡ്രൈവർ സുരേഷ് ബാബു എന്നൊരു ഉൾപ്പെട്ട സംഘമാണ് എക്സൈസിനെ വിട്ടേച്ച് കടന്നു കളഞ്ഞ കാർ റോഡിൽ തടഞ്ഞ് പിടികൂടിയത്.