കോട്ടയം : ആലപ്പുഴ മുഹമ്മയിൽ ജ്യൂവലറിയിൽ മോഷ്ടാവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജ്യൂവലറി ഉടമ വിഷദ്രാവകം കഴിച്ചു മരിച്ചു. മുഹമ്മ ജംഗ്ഷന് വടക്കുവശത്തുള്ള രാജി ജ്യൂവലറി ഉടമ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. കോട്ടയത്ത് കടുത്തുരുത്തിയിൽ 20.5 പവൻ മോഷ്ടിച്ച കേസിൽ കടുത്തുരുത്തി പൊലീസ് പിടികൂടിയ തൊടുപുഴ സ്വദേശി സെൽവരാജ് മോഷ്ടിച്ച ആഭരണങ്ങൾ മുഹമ്മയിലെ ജ്യൂവലറിയിലാണ് വിറ്റത്.
14.5 പവൻ സ്വർണം ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയെങ്കിലും ബാക്കി ഇവിടെ വിറ്റതായിട്ടാണ് മൊഴി നൽകിയത്. ഇതേ തുടർന്ന് പൊലിസ് മോഷ്ടാവുമായി എത്തി കാര്യങ്ങൾ ചോദിക്കുന്നതിനിടെ വിഷദ്രാവകം കഴിക്കുകയായിരുന്നു. ഉടൻ തന്നെ രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.