തിരുവനന്തപുരം : കാത്തിരിപ്പിനൊടുവിൽ കേരളത്തിലും വന്ദേഭാരത് ട്രെയിൻ എത്തുന്നു. കൊച്ചി സന്ദർശത്തിനെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് വച്ച് ഏപ്രിൽ 25ന് വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഒഫ് നിർവഹിക്കും എന്നാണ് റിപ്പോർട്ടുകൾ,തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള വന്ദേഭാരത് എക്‌സ്പ്രസായിരിക്കും കേരളത്തിൽ സർവീസ് നടത്തുക.
നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്പുകൾ, ആറു സ്റ്റോപ്പുകളായിരിക്കും ഉണ്ടാകുക എന്നാണ് ഉന്നതവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്. എട്ട് കോച്ചുള്ള വന്ദേഭാരത് ട്രെയിനായിരിക്കും ഓടുക. ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണെങ്കിലും, കുറഞ്ഞ വേഗതയായ മണിക്കൂറിൽ 110 കിലോമീറ്ററിൽ സർവീസ് നടത്താൻ ട്രാക്കുകൾ ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വേഗതയേറിയ ട്രെയിൻ ജനശതാബ്ദിയാണ്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി 3.17മണിക്കൂറിലും കോട്ടയം വഴി 4.10മണിക്കൂറിലും എറണാകുളത്തെത്തും. ശരാശരി 70കിലോമീറ്റർ വേഗത്തിലാണ് ജനശതാബ്ദി പോകുന്നത്. എന്നാൽ വന്ദേഭാരത് 90കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തും. അതായത് തിരുവനന്തപുരത്തുനിന്ന് രണ്ടര മണിക്കൂർ കൊണ്ട് എറണാകുളത്തെത്തും. അഞ്ച് മണിക്കൂറിൽ കോഴിക്കോട്ടും ആറുമണിക്കൂറിൽ കണ്ണൂരിലുമെത്തും. ഇപ്പോൾ രാജധാനിയാണ് (7.57മണിക്കൂർ) ഏറ്റവും വേഗത്തിൽ കണ്ണൂരിലെത്തുന്നത്.
തിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെ ഏകദേശം 1345 രൂപ ചെയർ കാറിനും ,2238 രൂപ എക്‌സിക്യൂട്ടീവ് കോച്ചിനും ടിക്കറ്റ് ചാർജ് വന്നേക്കും. 320 രൂപ കാറ്ററിംഗ് ചാർജ് ഉൾപ്പെടെയാണിത്. എറണാകുളം വരെ 605,1144 രൂപ, കോഴിക്കോട് വരെ 1130, 2138 രൂപ നിരക്ക് വന്നേക്കും.
2019 ഫെബ്രുവരിയിലാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിൽ സർവീസുകൾ ആരംഭിച്ചത്. ദക്ഷിണേന്ത്യയിൽ തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേയ്ക്കുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ എട്ടിന് ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. ഈ സെമി ഹൈ സ്പീഡ് എക്സ്പ്രസ് ട്രെയിൻ 660 കിലോമീറ്റർ ഏട്ട് മണിക്കൂർ 30 മിനിട്ടിനുള്ളിൽ പൂർത്തിയാക്കുന്നു. ഇത് രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം മൂന്നര മണിക്കൂർ കുറയ്ക്കും. ഇന്ത്യയിൽ പുറത്തിറക്കുന്ന പതിമൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണിത്. ചെന്നെ – കോയമ്ബത്തൂർ വന്ദേഭാരത് എക്‌സ്പ്രസും പ്രധാനമന്ത്രി അടുത്തിടെ നാടിന് സമർപ്പിച്ചിരുന്നു.