കൊച്ചി, ഡിസംബർ, 31, 2023: കൊച്ചിൻ കാർണിവലിൽ പുതുവർഷത്തെ വരവേൽക്കാൻ എത്തുന്നവരുടെ സുരക്ഷയ്ക്കായി ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ ജയിൽ മ്യൂസിയത്തെ താത്കാലിക ആശുപത്രിയാക്കി മാറ്റി ആസ്റ്റർ മെഡ്സിറ്റി. ആഘോഷങ്ങൾക്കിടെ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഉടൻ പ്രാഥമിക പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ആസ്റ്റർ മെഡ്സിറ്റി ഒരുക്കിയിട്ടുണ്ട്. എട്ട് മുറികളുള്ള ജയിലിലെ 2 മുറികളിൽ അടിയന്തര സ്വഭാവമുള്ള രോഗികളെ പരിചരിക്കും. ബാക്കിയുള്ള സ്ഥലത്ത് അടിയന്തര ചികിൽസാസംവിധാനങ്ങൾ പ്രവർത്തിക്കും. ഡിസംബർ 31ന് വൈകിട്ട് 6 മണി മുതൽ പുതുവത്സരദിനം പുലർച്ചെ 3 മണി വരെ ഈ കേന്ദ്രം പ്രവർത്തിക്കും. മുൻ വർഷങ്ങളിലും സമീപകാലത്തും അനിയന്ത്രിതമായ തിരക്ക് കാരണമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതൽ മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. കൊച്ചിൻ കാർണിവലിൻ്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറാണ് ആസ്റ്റർ മെഡ്സിറ്റി. സംസ്ഥാനസർക്കാരിൻ്റെ ദുരന്തനിവാരണ പദ്ധതിയുമായി സഹകരിച്ചാണ് പ്രവർത്തനം.
ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നുള്ള 30 അംഗസംഘമാണ് ഇവിടെ നിയോഗിക്കപ്പെട്ടിട്ടുള്ളത്. പരേഡ് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള ഈ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് മറ്റ് തടസങ്ങളില്ലാതെ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും. ആഘോഷങ്ങൾ നടക്കുന്ന കാർണിവൽ ഗ്രൗണ്ടിൽ ഉടൻ പ്രഥമശുശ്രൂഷ ലഭ്യമാക്കാൻ പ്രത്യേക ട്രയാജ് ഏരിയയും തയ്യാറാക്കിയിട്ടുണ്ട്. പോലീസ് കൺട്രോൾ റൂമിന് തൊട്ടടുത്താണ് ഈ ട്രയാജ് പോയിൻ്റ്. പരിപാടിക്കിടെ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻ ഇവിടെ എത്തിച്ചേരാൻ സാധിക്കും. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
39 വർഷത്തെ പാരമ്പര്യമുള്ള കൊച്ചിൻ കാർണിവലിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ ആരോഗ്യസംവിധാനങ്ങൾ ഒരുക്കുന്നത്. തിക്കിലും തിരക്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് ഫലപ്രദമായി പ്രതിരോധിക്കാനും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഉടൻ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും എല്ലാ തയാറെടുപ്പുകളും സജ്ജമാണെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ എമർജൻസി വിഭാഗം കൺസൾട്ടന്റ് ഡോ. ജോൺസൺ കെ വർഗീസ് പറഞ്ഞു. ഡോ. ജോൺസൻ്റെ നേതൃത്വത്തിലാണ് മുപ്പതംഗ മെഡിക്കൽ സംഘം പ്രവർത്തിക്കുക. പ്രാദേശിക നേതാക്കൾ, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ സംഘം, ആംബുലൻസ് ഡ്രൈവർമാർ എന്നിവർ ഒരുമിച്ചാണ് ദൗത്യം പ്രാവർത്തികമാക്കുന്നത്.