കൊച്ചി: ശരീരത്തിൽ മുറിവുകളുമായി സി എ വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് അഞ്ചാണ്ട് തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട വിദ്യാർത്ഥിയുടേത് കൊലപാതകമാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. എന്നാൽ ആദ്യം കേസന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇതുവരെയും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല.
2017 മാർച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. പിറ്റേന്ന് കൊച്ചി കായലിൽ മിഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മകളുടെ മരണം ആത്മഹത്യ ആണെന്ന് മാതാപിതാക്കളും ബന്ധുക്കളും അംഗീകരിക്കുന്നില്ല. മകളെ ആരൊക്കെയോ ചേർന്ന് വക വരുത്തിയതാണെന്നാണ് പിതാവ് ഷാജി വർഗീസും കുടുംബവും ഉറച്ചു വിശ്വസിക്കുന്നത്. ഇവർ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അന്വേഷണം തൃപ്തികരമല്ലെന്നും പ്രതിഷേധമറിയിക്കാൻ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുഴുവൻ ദേവാലയങ്ങളിലും ഞായറാഴ്ച ഇതു സംബന്ധിച്ച് പ്രതിഷേധ പ്രമേയം വായിക്കുമെന്നും ഷാജി വർഗീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 മാർച്ച് അഞ്ചിന് വൈകീട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെയ്ന്റ് തെരേസാസ് ഹോസ്റ്റലിൽനിന്ന് കലൂർ സെയ്ന്റ് ആന്റണീസ് പള്ളിയിലേക്കു പോയ മിഷേൽ 6.15-ന് പള്ളിയിൽ നിന്നു തിരിച്ചിറങ്ങിയെന്നും രാത്രി 8-ന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തിൽനിന്നു കായലിൽ ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മിഷേലിന്റെ മൂക്കിനിരുവശത്തും കണ്ട പാടുകളും കൈത്തണ്ടയിൽ കണ്ട കരിനീലിച്ച പാടുകളും ചുണ്ടിലെ മുറിപ്പാടും എങ്ങനെയുണ്ടായെന്ന് അന്വേഷണ സംഘത്തിന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഷാജി പറയുന്നു.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എം.എൽ.എ. യുടെ നേതൃത്വത്തിൽ ഷാജിയും ബന്ധുക്കളും കർമസമിതി ഭാരവാഹികളും മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. മിഷേലിനെ പിന്തുടർന്ന യുവാക്കളെക്കുറിച്ചും ഇതുവരെ വിവരമില്ല എന്നതടക്കം ഏഴ് സംശയങ്ങൾ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തീകരിച്ചതായി റിപ്പോർട്ട് നൽകിയാൽ മാത്രമേ അന്വേഷണം സി.ബി.ഐ.ക്ക് വിടാൻ നിയമപരമായി സാധിക്കൂവെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നതെന്നും ഷാജി ചൂണ്ടിക്കാട്ടി.