ആലുവ: കറുകപ്പിള്ളിയില്‍ ഒരു മാസമായ ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഡിസംബര്‍ 20 വരെ റിമാൻഡ് ചെയ്തു. ചേര്‍ത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരെയാണ് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. ഒന്നാം പ്രതി ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും രണ്ടാം പ്രതി അശ്വതിയെ കാക്കനാട് വനിതാ സെല്ലിലേക്കും മാറ്റി. കോടതിമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിനുള്ളില്‍ വെച്ച് പ്രതികള്‍ ഏറ്റുമുട്ടിയത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് ഇരുവരും വഴക്കടിക്കുകയും പിൻസീറ്റിലിരുന്ന അശ്വതി നടുഭാഗത്തെ സീറ്റിലിരുന്ന ഷാനിഫിനെ മര്‍ദിക്കുകയുമായിരുന്നു. ഷാനിഫ് തിരിച്ചടിക്കാൻ ശ്രമിച്ചു. ജീപ്പിനരികില്‍ നിന്നിരുന്ന പോലീസുകാര്‍ ഇത് തടയുകയായിരുന്നു. കറുകപ്പിള്ളിയിലെ ലോഡ്ജ് മുറിയില്‍ വെച്ചാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ കുട്ടിയുടെ തല ഇടിച്ച് തലയോട്ടി പൊട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തല്‍.