കൊച്ചി : യാത്രക്കാർക്ക് ആശ്വാസമായി മെട്രോ ഫീഡർ സർവീസിന് ഇന്നുമുതൽ പുതിയ സമയക്രമം. വിദൂര സ്ഥലങ്ങളിൽ നിന്നും തൃപ്പൂണിത്തുറയിലിറങ്ങുന്ന ഇൻഫോ പാർക്കിലെ ജീവനക്കാരെ ആകർഷിക്കാൻ കൊച്ചി മെട്രോ അവതരിപ്പിച്ച ഫീഡർ ബസ് സർവീസിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ഓരോ ദിവസവും യാത്രക്കാരിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഉച്ചകഴിഞ്ഞ് കോട്ടയം, കൊല്ലം – തിരുവനന്തപുരം ട്രെയിനുകൾക്ക് കൂടി കണക്ഷൻ ലഭിക്കുന്ന വിധം സമയം പുന ക്രമീകരിക്കണമെന്ന് യാത്രക്കാരുടെ തുടക്കം മുതലുള്ള ആവശ്യമായിരുന്നു.

കൊച്ചി മെട്രോയും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രതിദിനം യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥിര യാത്രക്കാർ മുന്നോട്ട് വെച്ച സമയക്രമം ഒടുവിൽ കൊച്ചി മെട്രോ അംഗീകരിക്കുകയായിരുന്നു. പഴയ സമയക്രമം പ്രകാരം ഉച്ചയ്ക്ക് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ഒരു ട്രെയിനും കണക്ഷൻ ലഭിച്ചിരുന്നില്ല. ഇപ്പോൾ ഉച്ചയ്ക്ക് 01.35 ന് ഇൻഫോ പാർക്കിൽ നിന്ന് പുറപ്പെടുന്ന ബസ് ഏകദേശം 02.10 ന് തൃപ്പൂണിത്തുറയിലെത്തുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
02.26 നുള്ള കന്യാകുമാരി പരശുറാം എക്സ്പ്രസ്സിന് കണക്ഷൻ ലഭിക്കുന്നതോടെ ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നവർക്ക് കൂടി സർവീസ് ഏറെ പ്രയോജനപ്പെടുന്നതാണ്. അതുപോലെ വൈകുന്നേരം വേണാടിൽ യാത്ര ചെയ്യുന്നവർ ഒരു മണിക്കൂറോളം സ്റ്റേഷനിലെത്തി കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു. അത്രയും സമയം കൂടി ഇൻഫോപാർക്കിൽ നിന്ന് വൈകി പുറപ്പെടുന്നത് കൊണ്ട് കൂടുതൽ യാത്രക്കാർക്ക് ബസ് പ്രയോജനപ്പെടുമെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.
വൈകുന്നേരം 06.10 ന് ഇൻഫോ പാർക്കിൽ നിന്ന് തൃപ്പൂണിത്തുറയിലേയ്ക്കുള്ള സർവീസ് ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് അനുയോജ്യവും പാലരുവിയ്‌ക്ക് കണക്ഷനും ലഭിക്കുന്നതാണ്.
നേരത്തെ 07.10 ന് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിച്ചിരുന്നപ്പോൾ പുതിയ സമയക്രമം പ്രകാരം 07.20 ന് ഇൻഫോ പാർക്കിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള സർവീസ് ഏറെ ആശ്വാസം നൽകുന്നതായി ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു. സ്ത്രീകളടക്കമുള്ളവരുടെ രാത്രി യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാൻ സർവീസ് കൊണ്ട് സാധിച്ചെന്നും മെട്രോയെ ആശ്രയിക്കുന്നവർക്കും ഇരു ദിശയിലേക്കുള്ള ട്രെയിനുകൾക്ക് വേണ്ടി പരക്കം പായുന്നവർക്കും പുതിയ സമയക്രമം ഏറെ അനുഗ്രഹമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ബസ് മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ ബസുകൾ പരിഗണയിലുണ്ടെന്നും കെ എസ് ബി ൽ അറിയിച്ചു. എയർ പോർട്ടിൽ നടത്തുന്ന സർവീസുകൾക്ക് പുറമെ കെ എസ് ബി എൽ മെട്രോയുമായി ചേർന്ന് ഇൻഫോ പാർക്കിലേയ്ക്ക് ഫീഡർ ബസിന്റെ സാധ്യത കണ്ടെത്തുകയായിരുന്നു.
കൂടുതൽ യാത്രക്കാർക്ക് സർവീസ് പ്രയോജനപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ച ക്‌ളീൻ സ്മാർട്ട് ബസ് ലിമിറ്റഡ് ഭാരവാഹികളായ ആന്റണി, സുനിൽ കുമാർ എന്നിവർക്കും കൊച്ചി മെട്രോയ്ക്കുമുള്ള നന്ദി അറിയിക്കുന്നതോടൊപ്പം പുതിയ സമയക്രമത്തിൽ ഫീഡർ ബസിന് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതീക്ഷ പങ്കുവെച്ചു.