ഇന്ത്യയുടെ ഐക്യം വര്‍ഗ്ഗീയ ശക്തികളെ അലോസരപ്പെടുത്തുന്നു : മന്ത്രി പി. രാജീവ്

കൊച്ചി : മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഐക്യം രാജ്യത്തെ വര്‍ഗ്ഗീയ ശക്തികളെ അലോസരപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വര്‍ഗ്ഗീയത വളര്‍ത്തി രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നുവെന്ന് ബഹു. കേരള വ്യവസായ – നിയമകാര്യ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എറണാകുളം കലൂര്‍ എ.ജെ. ഹാളില്‍ കേരള എന്‍. ജി. ഒ. യൂണിയന്‍ 59-ാമത് സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യപരമായ നിയമഭേദഗതികളിലൂടെ ഇന്ത്യയുടെ ഭരണ ഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം എന്നിവ തകര്‍ക്കുന്ന അസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. അതിനായി ഭരണഘടനാസ്ഥാപനങ്ങളെയും സ്ഥാനങ്ങളെയും ദുരപയോഗം ചെയ്യുകയാണ്.

Advertisements

സംസ്ഥാനങ്ങളുടെ കൊ-ഓര്‍ഡിനേഷനാണ് യൂണിയന്‍ സര്‍ക്കാര്‍. എന്നാല്‍, സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങളെ പോലും ഉത്തരവുകളിലൂടെ കവര്‍ന്നെടുക്കുകയാണ്.
ഭരണഘടനാ പരമായി സംസ്ഥാന വിഷയത്തില്‍പ്പെട്ട പലതും സമവര്‍ത്തി പട്ടികയിലേക്ക് മാറ്റുകയാണ്. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക അധികാരം ഇല്ലാതാക്കാന്‍ രാജ്യത്ത് ജി. എസ്. ടി. നിയമം നടപ്പിലാക്കി. അതുപോലെ കൃഷി, വിദ്യാഭ്യാസം, സഹകരണം, തുടങ്ങിയ മേഖലകളിലെല്ലാം മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമ നിര്‍മ്മാണം നടത്തുന്നു. ഭരണഘടനാപ്രകാരം രാജ്യത്തിന് രാഷ്ട്രഭാഷയില്ല. എന്നാല്‍ ഔദ്യോഗികഭാഷ മാത്രമായ ഹിന്ദിയെ രാഷ്ട്രഭാഷ എന്ന നിലയില്‍ രാജ്യവ്യാപകമായി അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണ്.
കേരളം നടപ്പിലാക്കിയ ജനകീയ ബദല്‍ നയങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഭരണതുടര്‍ച്ച ഉറപ്പാക്കിയത്. രാജ്യത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്ന സ്ഥിതി നിലനില്‍ക്കുമ്പോഴാണ് കേരളത്തില്‍ പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും, നിലവിലുളളത് ശക്തിപ്പെടുത്തുകയും ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലാണ് ശ്രദ്ധിച്ചത് എങ്കില്‍ ഈ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഊന്നല്‍ നല്‍കുന്നു. കേരളം ഇന്ന് ഒരു വൈജ്ഞാനിക സമൂഹം യാഥാര്‍ത്ഥ്യമാക്കുന്നതിന്‍റെ പ്രവര്‍ത്തന പാതയിലാണ്. പക്ഷെ കേരളത്തിന്‍റെ നേട്ടങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിതമായ പ്രചാരവേലകള്‍ നടക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്ന യൂണിവേഴ്സിറ്റികള്‍ ജനാധിപത്യ സ്വഭാവമുളളതാണ്. അതിനാലാണ് വിദ്യാഭ്യാസ മേഖലയില്‍ നമുക്ക് ഉന്നതി ഉണ്ടാകുന്നത്. ആ മുന്നേറ്റം തടയാനാണ് ഇന്ന് ചിലര്‍ ശ്രമിക്കുന്നത്.
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബദല്‍ നയങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് ജീവനക്കാരിലൂടെയാണ് അതുകൊണ്ട്തന്നെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന് സിവില്‍ സര്‍വീസിന് വലിയ പങ്കാണ് ഉള്ളത്.

കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിനെപ്പോലും സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ കൂടുതല്‍ തസ്തിക സൃഷ്ടിച്ചും, സ്ഥിരനിയമനം നടത്തിയും, സിവില്‍ സര്‍വീസിനെ ശാക്തീകരിക്കുന്നത് ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ്. ഈ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ സംസ്ഥാന ജീവനക്കാര്‍ സജ്ജരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2021 ലെ സംസ്ഥാന നാടക മത്സരം – അരങ്ങ് 2021 വിജയികള്‍ക്കുളള സമ്മാനദാനവും മന്ത്രി നിര്‍വ്വഹിച്ചു.
എറണാകുളം കലൂര്‍ എ. ജെ. ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളത്തില്‍ സംസ്ഥാന പ്രസിഡന്‍റ് എം. വി. ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. എ. അജിത്കുമാര്‍ സ്വാഗതവും ട്രഷറര്‍ എന്‍. നിമല്‍രാജ് നന്ദിയും പറഞ്ഞു.
സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം.എ. അജിത്കുമാര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംഘടനാ റിപ്പോര്‍ട്ടില്‍മേലുള്ള ചര്‍ച്ചയില്‍ ടി. സതീഷ്ബാബു (കാസര്‍കോഡ്), പി. അശോകന്‍ (കണ്ണൂര്‍), കെ. ആര്‍. പ്രീതി (വയനാട്), എസ്.കെ. ജെയ്സി (കോഴിക്കോട്), കെ. ദീപ (മലപ്പുറം), ടി. സുകുകൃഷ്ണന്‍ (പാലക്കാട്), വി. വിമോദ് (തൃശൂര്‍), എ.സി. ഗിരിജ (എറണാകുളം), പി.എന്‍. ബിജു (ഇടുക്കി), എസ്. രാജി (കോട്ടയം), സി. സിലീഷ് (ആലപ്പുഴ), എം. വി. സുമ (പത്തനംത്തിട്ട), ആര്‍. രമ്യമോഹന്‍ (കൊല്ലം), ബി. വിജീന്ദ്രന്‍ (തിരുവനന്തപുരം നോര്‍ത്ത്), ജി.കെ. മുരളീകൃഷ്ണന്‍ (തിരുവനന്തപുരം സൗത്ത്) എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറിയുടെ മറുപടിയെ തുടര്‍ന്ന് സംഘടനാ റിപ്പോര്‍ട്ട് സമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.