കൊച്ചി: കൊച്ചിയിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുൻ ജീവനക്കാരനെതിരെ കൂടുതൽ പരാതികൾ. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയത്. അതിനിടെ, ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങൾ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ തൊഴിൽ വകുപ്പിന്റെ വിശദമായ പരിശോധനയും മൊഴിയെടുപ്പും ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്ന് തൊഴിൽ പീഡനം നടന്നിട്ടില്ല എന്ന ചൂണ്ടിക്കാട്ടി ലേബർ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സംഭവത്തിൽ സംശയങ്ങളുണ്ടെന്ന് തൊഴിൽ മന്ത്രി തന്നെ വ്യക്തമാക്കിയതോടെയാണ് കൂടുതൽ അന്വഷണം. ദൃശ്യങ്ങൾ പുറത്തുവിട്ട സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ മനാഫ് തന്റെ പക്കൽ കൂടുതൽ ദൃശ്യങ്ങളുണ്ടെന്ന വെളിപ്പെടുത്തിയിരുന്നു. ഇതടക്കം ലേബർ ഓഫീസർ പരിശോധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞി ദിവസമാണ് കേരളത്തെ നടുക്കിയ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് നടക്കുന്ന ജെറിനും ജെറിനെ വലിച്ച് കൊണ്ട് പോകുന്ന ഹാഷിമും തൊഴില്‍ പീഡന ആരോപണം പാടെ നിഷേധിക്കുകയാണ്. പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മനാഫ് മറ്റൊരു സാഹചര്യത്തില്‍ എടുത്ത ദൃശ്യങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ഇരുവരുടെയും മൊഴി. ബിസിനസ് ഡെവലപ്പ്മെന്‍റ് പരിപാടി എന്ന പേരില്‍ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോള്‍ പുറത്തു വന്നത് സ്ഥാപനത്തെ തകര്‍ക്കാനാണെന്നാണ് ഇരുവരും പറയുന്നത്.